എം പിമാർ ഔട്ട്; കോൺഗ്രസ് മത്സരിക്കുക 92 സീറ്റുകളിൽ, സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുതന്നെ

തിരുവനന്തപുരം: രണ്ടുദിവസത്തോളം നീണ്ട അണിയറ നാടകങ്ങൾക്ക് വിരാമമിട്ട് കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക ഉടൻ പ്രഖ്യാപിക്കും. കോൺഗ്രസ് 92 സീറ്റുകളിലാവും മത്സരിക്കുക. അറുപതുസീറ്റുകളിലെ സ്ഥാനാർത്ഥികളെയാവും ഇന്ന് പ്രഖ്യാപിക്കുക എന്നാണ് റിപ്പോർട്ട്. തർക്കമുള്ള സീറ്റുകൾ ഒഴിച്ചിടും. അധികം വൈകാതെതന്നെ ആ സീറ്റുകളിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കും.
എം പി മാർക്ക് സീറ്റ് നൽകേണ്ടെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം. കെ സുധാകരൻ അടക്കമുള്ള എം പിമാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കെ സുധാകരൻ ഈ നിർദ്ദേശം അനുസരിക്കുമോ എന്ന് വ്യക്തമല്ല. എന്തുവന്നാലും കണ്ണൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും എന്ന നിലപാടിലായിരുന്നു അദ്ദേഹം. തീരുമാനത്തിൽ മാറ്റംവരുത്താനായി പാർട്ടിയിലെ ഉന്നതർ സംസാരിച്ചെങ്കിലും അക്കാര്യം പുനഃപരിശോധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം. ഹൈക്കമാൻഡുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താനായി സുധാകരൻ ഡൽഹിയിലെത്തിയിരുന്നു.
ഡൽഹിയിലേക്ക് യാത്രതിരിക്കുന്നതിനുമുമ്പ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലാകാർജുൻ ഖാർഗെ സുധാകരനുമായി സംസാരിച്ചിരുന്നു. തനിക്ക് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോകണം എന്ന് ഖാർഗെയോട് സുധാകരൻ ആവശ്യപ്പെട്ടതായാണ് വിവരം. ഡൽഹിയിലെത്തിയ സുധാകരനെ അനുനയിപ്പിക്കാൻ രമേശ് ചെന്നിത്തല ശ്രമിച്ചിരുന്നു. മത്സരിക്കാൻ താത്പര്യമുള്ള അടൂർ പ്രകാശ് എംപി സംസ്ഥാന സർക്കാരിൽ നിന്ന് നോൺ ലയബലിറ്റി സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു.പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.
ഹൈക്കമാൻഡ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ലൈംഗിക പീഡന കേസ് ഉള്ളതിനാലാണ് തീരുമാനം. ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ എന്നിവരെയാണ് സ്ഥാനാർത്ഥിപ്പട്ടികയിലുള്ളത്. മനോജ് മൂത്തേടന് വേണ്ടി സിറോ മലബാർ സഭ രംഗത്തെത്തിയിട്ടുണ്ട്. എൽദോസ് കുന്നപ്പിള്ളിക്കുവേണ്ടി രമേശ് ചെന്നിത്തല സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം.