തെരഞ്ഞെടുപ്പ് അങ്കത്തിൽ മന്ത്രിയപ്പൂപ്പനെ വെട്ടുമോ? നേമം പ്രതീക്ഷയിൽ ബിജെപി

മൂന്നു മുന്നണികളുടെയും സ്ഥാർത്ഥികൾക്ക് മണ്ഡലത്തിൽ ലഭിക്കുന്ന സ്വീകാര്യതയുടെയും യു ഡി എഫ് നേടുന്ന വോട്ടിനെയും അടിസ്ഥാനത്തിലായിരിക്കും 2026 ലെ നേമത്തെ വിജയം. കോർപ്പറേഷനിലെ 23 വാർഡുകൾ ഉൾപ്പെടുന്നതാണ് നേമം മണ്ഡലം. കേരളത്തിൽ ബിജെപി ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലമാണിത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെയാണ് അങ്കം കുറിക്കാൻ കച്ചകെട്ടി ഇറങ്ങുന്നത്.
2011 മുതലാണ് പുതിയ നേമം മണ്ഡലം നിലവനിൽ വന്നത്. ബിജെപിക്കുവേണ്ടി രാജീവ് ചന്ദ്രശേഖർ രംഗത്ത് ഇറങ്ങുമ്പോൾ എൽഡിഎഫിനുവേണ്ടി വി ശിവൻകുട്ടി തന്നെയാണ് പോരാട്ടത്തിനിറങ്ങുന്നത്. യുഎഡിഎഫിനുവേണ്ടി കെഎസ് ശബരീനാഥ് ആണ് ഇത്തവണ നേമത്ത് മത്സരത്തിന് ഇറങ്ങുന്നത്.
ബിജെപി നിയമസഭയിലെത്തിയ മണ്ഡലം
കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ആദ്യമായി വിജയിച്ച മണ്ഡലം എന്ന പ്രത്യേകതയും നേമത്തിനുണ്ട്. 2016- ൽ ഒ രാജഗോപാൽ, ബിജെപിക്കുവേണ്ടി ആദ്യമായി നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കുകയായിരുന്നു. യുഡിഎഫ് ഘടകകക്ഷി സ്ഥാനാർഥിയായ വി സുരേന്ദ്രൻ പിള്ളയ്ക്ക് 9.70 ശതമാനം വോട്ടു മാത്രമാണുണ്ടായിരുന്നത്. യുഡിഎഫിന് ലഭിക്കേണ്ടിയിരുന്ന വോട്ട് ബിജെപിക്ക് പിടിച്ചതുമൂലമാണ് രാജഗോപാലിന് 47.46% വോട്ട് ലഭിച്ചത്. വി ശിവൻകുട്ടിക്ക് 41.39% വോട്ടാണ് 2016- ൽ ലഭിച്ചത്. മുഖ്യ പാർട്ടിയുടെ ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നതിനുപകരം ഘടകക്ഷികളുടെ ദുർബലനായ സ്ഥാർത്ഥിയെ യുഡിഎഫ് മത്സരിപ്പിച്ചതിലൂടെയുണ്ടായ സാഹചര്യം അനുകൂലമാക്കിയാണ് 2016- ൽ ഒ രാജഗോപാൽ, ബിജെപിക്കുവേണ്ടി ആദ്യമായി നിയമസഭയിലേക്ക് അക്കൗണ്ട് തുറന്നത്.
ഇരുമുന്നണിക്കും സാധ്യത
2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലെത്തിയ ബിജെപിക്ക് നേമം മണ്ഡലത്തിലുൾപ്പെട്ട വാർഡുകളിൽ 6000- ലേറെ വോട്ടിന്റെ മേൽക്കൈയ്യാണ് നേടിയിരുന്നത്. ഈ ആത്മവിശ്വാസത്തിലാണ് പാർട്ടി അധ്യക്ഷൻ തന്നെ രംഗത്ത് ഇറങ്ങുന്നത്. നേമം മണ്ഡലം ഇടതു മുന്നണിക്കും ബിജെപിക്കും ഒരേപോലെ സാധ്യതയുള്ള മണ്ഡലമാണെന്നാണ്. 2011 മുതലുള്ള തിരഞ്ഞെടുപ്പുകളിലെ കണക്കുകൾ നൽകുന്ന സൂചന ഇത്തരത്തിലുള്ളതാണ്. മൂന്നു മുന്നണികളുടെയും സ്ഥാർത്ഥികൾക്ക് മണ്ഡലത്തിൽ ലഭിക്കുന്ന സ്വീകാര്യതയും യുഡിഎഫ് നേടുന്ന വോട്ടുമാണ് മണ്ഡലത്തിൽ ആര് ജയിക്കും എന്ന് തീരുമാനിക്കുക.
എൽഡിഎഫിനു വേണ്ടി വി ശിവൻകുട്ടി
പുതിയ നേമം നിയോജക മണ്ഡലത്തിൽ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളാണ് നടന്നത്. മൂന്ന്ന തവണയും എൽഡിഎഫ് സ്ഥാനാർഥിയായി വി ശിവൻകുട്ടി തന്നെയായിരുന്നു രംഗത്ത് ഇറങ്ങിയത്. 2011ൽ ഒ രാജഗോപാലിനെ തോൽപ്പിച്ച ശിവൻകുട്ടി, 2016ൽ ഒ രാജഗോപാലിനോട് അടിയറവു പറയേണ്ടി വന്നു. ബിജെപിയുടെ ഈ വിജയം ആഞ്ച് വർഷം സിപിഎമ്മിനെ വേട്ടയാടുകതയായിരുന്നു. എന്നാൽ 2021ൽ രാജഗോപാലിനു പകരം മത്സരിച്ച കുമ്മനം രാജശേഖരനെ തോൽപ്പിച്ച് ബിജെപി അക്കൗണ്ട് ശിവൻകുട്ടി പൂട്ടിക്കുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞതാണ് ബിജെപിയുടെ പ്രതീക്ഷ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു രണ്ടാമതെത്തിയ രാജീവ് ചന്ദ്രശേഖറിനെ നേമത്ത് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യവും ബിജെപിക്കില്ല. അതുകൊണ്ടുതന്നെ പാർട്ടി അധ്യക്ഷനെ സ്ഥാനാർഥിയാക്കുന്ന കാര്യത്തിൽ ഒരു ആലോചന ബിജെപിയിൽ ഉണ്ടാകാൻ ഇടയായിട്ടുണ്ടാകില്ല. 2016ൽ രാജഗോപാൽ ജയിച്ചപ്പോഴുള്ള സാഹചര്യം 2021ൽ എത്തിയപ്പോൾ മാറിയിട്ടുണ്ട്. വോട്ട് വിഹിതം 12 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇത് ബിജെപിക്ക് ആശങ്കയുണ്ടാകാനുള്ള സാധ്യതയുണ്ട്.
ആദ്യ രണ്ടു തിരഞ്ഞെടുപ്പിലും ഘടകകക്ഷിക്കു നൽകാതെ കോൺഗ്രസ് മത്സരിച്ചിരുന്നെങ്കിൽ നേമത്തെ ഫലം മറ്റൊന്നാകുമായിരുന്നുവെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. 2011ൽ17.4 ശതമാനവും 2016ൽ 9.7 ശതമാനവും മാത്രം വോട്ട് കിട്ടിയ യുഡിഎഫ്, 2021ൽ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തതോടെ വോട്ട് വിഹിതം 25 ശതമാനമാക്കിയിരുന്നു. കെഎസ് ശബരീനാഥ് മത്സരിക്കുന്നതോടെ വലിയ മാറ്റം ഉണ്ടാകുമെന്നുതന്നെയാണ് യുഎഡിഎഫ് പ്രതീക്ഷിക്കുന്നത്.