കെ സുധാകരന്റെ രാഷ്‌ട്രീയ ധാർമികത ജി സുധാകരനില്ലെന്ന് സജി ചെറിയാൻ

ആലപ്പുഴ: അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാ‍ര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. കെ സുധാകരന്റെ രാഷ്ട്രീയ ധർമികത ജി സുധാകരനില്ലെന്നായിരുന്നു സജി ചെറിയാന്റെ വിമര്‍ശനം.

ജി സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തി. കെ സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷേ അദ്ദേഹം പാർട്ടിയെ ചതിച്ചില്ല. ജി സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി. കെ സുധാകരൻ ആ വഞ്ചന കാണിച്ചില്ല. അതാണ് രാഷ്ട്രീയ ധാർമികത. ചങ്കിൽ കുത്തിയവരെ കൂട്ടുപിടിച്ച് ജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും ചേർത്തലയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സജി ചെറിയാന്‍ പറഞ്ഞു.

കോൺഗ്രസിനെതിരെയും സജി ചെറിയാൻ കടുത്ത വിമർശനം ഉയര്‍ത്തി. കോൺഗ്രസ് പിരിച്ചുവിടേണ്ട സമയമായെന്നും പാർട്ടിയിൽ കഷ്ടപ്പെട്ട് പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർക്ക് വിലയില്ലെന്നും അദ്ദേഹം വിമർശിച്ചു. വെള്ളം കോരുന്നവനും വിറക് വെട്ടുന്നവനും വിലയില്ലാത്ത അവസ്ഥയാണെന്നാണ് സജി ചെറിയാൻ പരിഹസിച്ചത്. ആലപ്പുഴയിലെ കോൺഗ്രസിന്റെ രാഷ്ട്രീയ സാഹചര്യത്തെ പരിഹസിച്ച സജി ചെറിയാന്‍, ഷുക്കൂർ കയറുമായി നിൽക്കുകയാണ്, ഏത് മരത്തിൽ കെട്ടണമെന്നാണ് ആലോചനയെന്നും പറഞ്ഞു.

അവസരവാദികളെയല്ലാതെ കോൺഗ്രസിന് ആളുകളെ കണ്ടെത്താനായോ എന്നും സജി ചെറിയാൻ ചോദിച്ചു. ആലപ്പുഴയിലും വിസ്മയം ഉണ്ടായല്ലോ എന്നും സജി ചെറിയാൻ പരിഹസിച്ചു. ‘നാളെ സജി ചെറിയാൻ പോയാൽ കൂടെ ഭാര്യ പോലും പോകില്ല. അങ്ങേരുടെ കൂടെ ഭാര്യ പോയ പോലെ കൂടെ വരുമെന്ന് കരുതേണ്ടെന്നാണ് എന്റെ ഭാര്യ പറഞ്ഞത്. അവര്‍ക്ക് പാർട്ടി മെമ്പർഷിപ്പ് ഉണ്ട്, അവൾ പാർട്ടിയോടൊപ്പമാണ്’ സജി ചെറിയാൻ പറഞ്ഞു.