‘സിപിഎം തുടർച്ചയായി അവഗണിച്ചു’; കാരാട്ട് റസാഖ് മുസ്ളീം ലീഗിലേയ്ക്ക്

കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്ളീം ലീഗിലേയ്ക്ക്. ഇന്ന് പാണക്കാട്ടെത്തി അംഗത്വം സ്വീകരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, മുൻ മന്ത്രി എം കെ മുനീർ എന്നിവർക്കൊപ്പമാണ് പാണക്കാട്ടെത്തിയത്. ലീഗ് വിട്ട കാരാട്ട് റസാക്ക് 2016ൽ കൊടുവള്ളിയിൽ സിപിഎം പിന്തുണയോടെ സ്വതന്ത്രനായി നിന്ന് ജയിച്ചിരുന്നു. എന്നാൽ 2021ൽ എം കെ മുനീറിനോട് പരാജയപ്പെട്ടു.
തറവാട്ടിലേയ്ക്ക് തിരിച്ചുവന്ന് മാതൃസംഘടനയിൽ പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റസാഖ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെ രാത്രിയെടുത്ത തീരുമാനമാണ്. പ്രശ്‌നങ്ങൾ പരിഹരിക്കാത്തതിനാലാണ് പുനർവിചിന്തനം നടത്തിയത്. ഉപാധികളില്ലാതെയാണ് ലീഗിലെത്തിയത്. പത്തുകൊല്ലം പ്രവർത്തിക്കാത്തതിന്റെ ഇരട്ടി ഇനി ലീഗിൽ പ്രവർത്തിക്കും. 2021ലെ തോൽവിക്കുശേഷം സിപിഎം തുടർച്ചയായി അവഗണിച്ചു. സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു.
വഞ്ചനയിൽ പ്രതിഷേധിച്ചാണ് മാതൃ സംഘടനയിലേയ്ക്ക് തിരിച്ചുപോകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് അടവ് നയത്തിന്റെ ഭാഗമായിട്ടാണ് തന്നെ മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാനാക്കിയതെന്നും റസാഖ് പറഞ്ഞു.പത്തുവർഷങ്ങൾക്ക് മുൻപ് ഒരു തിരഞ്ഞെടുപ്പ് കാലത്തായിരുന്നു റസാഖ് ലീഗിൽ നിന്ന് രാജിവച്ചതെന്ന് മുസ്ളീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങൾ പറഞ്ഞു. ഇപ്പോൾ തിരഞ്ഞെടുപ്പുകാലത്തുതന്നെ റസാഖ് തിരിച്ചുവന്നു. വളരെ സന്തോഷത്തോടെയാണ് അംഗത്വം നൽകിയത്. ഉപാധികളൊന്നുമില്ലാതെയാണ് അദ്ദേഹം തിരിച്ചുവന്നതെന്നും തങ്ങൾ വ്യക്തമാക്കി.