പശ്ചിമേഷ്യൻ പ്രതിസന്ധി! അടിയന്തര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക-ഇസ്രയേൽ സംഘർഷം നീണ്ടുനിൽക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നിർണ്ണായക ഉന്നതതല യോഗം ചേർന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രമുഖ കേന്ദ്രമന്ത്രിമാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ രാജ്യത്തെ പെട്രോളിയം, എൽ.പി.ജി, രാസവളം എന്നിവയുടെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ വിലയിരുത്തി.

യുദ്ധം കാരണം വ്യവസായ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയെയും കയറ്റുമതിയെയും ബാധിച്ചതായി വ്യവസായ സംഘടനയായ സി.ഐ.ഐ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ, സാമ്പത്തിക ആഘാതം കുറയ്ക്കാനുള്ള തന്ത്രപരമായ തീരുമാനങ്ങൾ യോഗത്തിലുണ്ടാകും.

ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, ഊർജ്ജ പ്രതിസന്ധി മറികടക്കാൻ റഷ്യ, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഇന്ധനം എത്തിച്ചുതുടങ്ങി. ഇതിന്റെ ഭാഗമായി അമേരിക്കയിൽ നിന്നുള്ള എൽ.പി.ജി ടാങ്കറായ ‘പൈക്സിസ് പയനിയർ’, റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ടാങ്കറായ ‘അക്വ ടൈറ്റൻ’ എന്നിവ മംഗളൂരു തുറമുഖത്തെത്തി. ആഭ്യന്തര എൽ.പി.ജി ഉത്പാദനം 40 ശതമാനം വർദ്ധിപ്പിച്ച സർക്കാർ, വാണിജ്യ സിലിണ്ടറുകളുടെ വിതരണം 20 ശതമാനം കൂട്ടാനും അതിഥി തൊഴിലാളികൾക്ക് അഞ്ച് കിലോ സിലിണ്ടറുകൾ ലഭ്യമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.