ഇറാൻ യുദ്ധം; യുഎസിനൊപ്പം ചേരാൻ സൗദിയും യുഎഇയും

ന്യൂഡൽഹി: ഇറാനെതിരായുള്ള യുദ്ധത്തിൽ ഇസ്രയേലിനും യുഎസിനുമൊപ്പം സൗദി അറേബ്യയും യുഎഇയും ചേരുന്നതായി റിപ്പോർട്ട്. ഇറാനെതിരായുള്ള ആക്രമണത്തിനായി കിംഗ് ഫഹദ് വ്യോമതാവളം ഉപയോഗിക്കുന്നതിന് സൗദി അമേരിക്കൻ സൈന്യത്തിന് അനുമതി നൽകി. തങ്ങളുടെ സൈവിക കേന്ദ്രങ്ങൾ ഇറാനെതിരായുള്ള ആക്രമണത്തിനായി അനുവദിക്കില്ലെന്നായിരുന്നു മുൻപ് സൗദിയുടെ നിലപാട്. അതേസമയം, ഇറാന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയും ക്ളബും യുഎഇ പൂട്ടി. ബെഹ്റൈനിൽ നിന്ന് ഇറാനിലേയ്ക്ക് മിസൈലുകൾ വർഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പിന്തുണ തേടിയതായി അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
ആവർത്തിച്ചുള്ള ആക്രമണങ്ങൾ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർക്കുകയും ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പേർഷ്യൻ ഗൾഫിലെ യുഎസ് സഖ്യകക്ഷികൾ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കാനൊരുങ്ങുന്നത്. ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ യുഎസ് – ഇസ്രയേൽ ആക്രമണം തുടരുകയാണ്. ക്വോം പ്രവിശ്യയിൽ ടർബൈൻ എൻജിൻ നിർമ്മാണ കേന്ദ്രം കഴിഞ്ഞദിവസം തകർത്തിരുന്നു. സൗദിക്കും യുഎഇയ്ക്കും കുവൈറ്റിനും ബഹ്റൈനും നേരെ ആക്രമണശ്രമമുണ്ടായി.
യുഎഇയിലെ അബുദാബിയിൽ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ട ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്കേറ്റു. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ യുഎസിന്റെ നിരീക്ഷണ വിമാനം തകർത്തെന്ന് ഇറാനും അവകാശപ്പെട്ടു. ഇതിനിടെ ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് സമീപമുണ്ടായ മിസൈലാക്രമണം ഗുരുതരമാണെന്നും യുഎസുമായി ആശങ്ക പങ്കുവച്ചെന്നും റഷ്യ വ്യക്തമാക്കി. റഷ്യൻ സഹകരണത്തോടെയാണ് നിലയത്തിന്റെ പ്രവർത്തനം നടക്കുന്നത്.