‘യഥാർത്ഥ കോൺഗ്രസ് പോരാളി’! കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് അതൃപ്തിയിലായിരുന്ന കെ. സുധാകരൻ ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും കൂടിക്കാഴ്ച നടത്തി. കുടുംബസമേതമാണ് കെ സുധാകരൻ നേതാക്കളെ കാണാനെത്തിയത്.
കേരളത്തിലെ ജനങ്ങൾക്കായി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് സുധാകരനെന്നും അദ്ദേഹം ഒരു ‘യഥാർത്ഥ കോൺഗ്രസ് പോരാളി’ ആണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പൂർണ്ണ സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നിർണ്ണായക കൂടിക്കാഴ്ച.
കെ.സി. വേണുഗോപാലും പങ്കെടുത്ത ചർച്ചയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടായി നീങ്ങുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നേരത്തെ കെ. സുധാകരനെ സ്റ്റാർ ക്യാമ്പയിനറായി തിരഞ്ഞെടുത്തത് പാർട്ടിയിലെ അദ്ദേഹത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു. സുധാകരന്റെ സജീവ സാന്നിധ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ കരുത്താകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.