കേരളം തിരഞ്ഞെടുപ്പ് ചൂടിൽ; പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ, മുഖ്യമന്ത്രി മലപ്പുറത്ത്

പ്രിൽ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലായി. എൻഡിഎ സ്ഥാനാർത്ഥികൾക്കായി വോട്ട് അഭ്യർത്ഥിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൃശൂരിലെത്തും. അതേസമയം, എൽഡിഎഫിന്റെ പ്രചാരണത്തിന് കരുത്തുപകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മലപ്പുറം ജില്ലയിൽ പര്യടനം നടത്തും.

തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജാ വേണുഗോപാലിനും മറ്റ് സ്ഥാനാർത്ഥികൾക്കുമായി പ്രധാനമന്ത്രി ഇന്ന് വൈകിട്ട് തൃശൂരിൽ റോഡ് ഷോ നടത്തും. വൈകിട്ട് 4 മണിയോടെ കുട്ടനെല്ലൂർ കോളേജ് ഗ്രൗണ്ടിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിക്കും. 4.15-ന് ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച് സ്വരാജ് റൗണ്ട് വഴി ബിനി ഹെറിറ്റേജ് വരെയാണ് റോഡ് ഷോ. അമ്പതിനായിരത്തോളം പ്രവർത്തകർ ഇതിൽ പങ്കെടുക്കുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ തൃശൂർ നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

യുഡിഎഫും എൽഡിഎഫും തമ്മിൽ കനത്ത പോരാട്ടം നടക്കുന്ന മലപ്പുറത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാല് പ്രധാന പ്രചാരണ റാലികൾ ഉദ്ഘാടനം ചെയ്യും. രാവിലെ വാർത്താസമ്മേളനത്തിന് ശേഷം തിരൂർ, പൊന്നാനി മണ്ഡലങ്ങളിലും വൈകിട്ട് തവനൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിലും മുഖ്യമന്ത്രി സംസാരിക്കും. എസ്‌ഡിപിഐ പിന്തുണ ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് വടക്കൻ പറവൂരിൽ പ്രചാരണത്തിൽ മുഴുകുമ്പോൾ, രാഹുൽ ഗാന്ധി നാളെ പത്തനംതിട്ടയിലെത്തും.