എസ് ഡി പി ഐ പിന്തുണ സി പി എം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: എസ് ഡി പി ഐ പിന്തുണ സി പി എം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്ത് വി ശിവൻകുട്ടിയും പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. ബി ജെ പി തോൽക്കണമെന്ന് ആഗ്രഹിക്കുന്നവർ വാേട്ടുചെയ്തിട്ടുണ്ടാവും. വർഗീതയ്ക്കെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ഇന്നലത്തെ വാർത്താസമ്മേളനത്തിലുണ്ടായ വിവാദങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി.
സമയം തീരാറായപ്പോഴാണ് ഇന്നലെ വാർത്താസമ്മേളനം നിറുത്തിയത്. മുന്നിൽവന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. ഏതുചോദ്യത്തിനും ഉത്തരം നൽകുന്നയാളാണ് ഞാൻ. ആരാണ് ചോദിക്കുന്നതെന്ന് നോക്കിയല്ല ഉത്തരം നൽകുന്നത്. മാദ്ധ്യമപ്രവർത്തകരുടെ മനസിലുള്ള ചോദ്യങ്ങൾക്കല്ല, മറിച്ച് തന്റെ മുന്നിൽ വരുന്ന ചോദ്യങ്ങൾക്കാണ് മറുപടി നൽകുന്നത്. മനസിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ല. ഇന്നലെ ബഹളംവയ്ക്കാൻ തയ്യാറായി ചിലരെത്തി. ഇതൊരു പുതിയ അനുഭവമാണ്.
കാര്യങ്ങളെ വക്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇത് നിർഭാഗ്യകരമാണ്. തിരഞ്ഞെടുപ്പ് കാലത്ത് കാര്യങ്ങളെ ബഹളമയമാക്കി’- ഇന്നലെ കൊല്ലത്ത് വാർത്താസമ്മേളനത്തിനിടെ ഉണ്ടായ വിവാദങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.എസ് ഡി പി ഐ വോട്ടുവേണ്ടെന്ന സിപിഐ സംസ്ഥാന സെക്രട്ടി ബിനോയ് വിശ്വം പറഞ്ഞതിന് പരിഹാസരൂപത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇനിമുതൽ അദ്ദേഹത്തോട് എഴുതിവാങ്ങി മറുപടി നൽകാം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വാർത്താസമ്മേളനത്തിൽ ഒരിക്കൽപ്പോലും എസ് ഡി പി ഐയുടെ പേര് മുഖ്യമന്ത്രി പരാമർശിച്ചില്ല എന്നതും ശ്രദ്ധേയമായി.
തീവ്രവാദത്തിന്റെ വിഷ വിത്തുപാകിയ പ്രസ്ഥാനങ്ങളോട് എൽഡിഎഫിന് സന്ധിയില്ലെന്നും വോട്ടുചെയ്യുമ്പോൾ മനുഷ്യപക്ഷത്ത് നിൽക്കുന്നവരുടെ വോട്ട് സ്വീകരിക്കുമെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾക്ക് സ്വർണം കട്ടവരെങ്ങനെ സ്വന്തം വീട്ടിലെത്തിയെന്ന് നോക്കിയാൽ മതി എന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.
പ്രതിപക്ഷ നേതാവിനെ നേരിട്ടുള്ള സംവാദത്തിനല്ല ഫേസ്ബുക്കുവഴിയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കഴിഞ്ഞദിവസം കൊല്ലത്തെ വാർത്താ സമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ചില പ്രത്യേക മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മാത്രം മറുപടി നൽകിയെന്ന് ചൂണ്ടിക്കാണിച്ച് മാദ്ധ്യമപ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഇതോടെ തിരികെയെത്തി ചില ചോദ്യങ്ങൾക്കുകൂടി ഉത്തരം നൽകിയശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.