സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് മോഹിച്ച് നിലപാട് മാറ്റി സിപിഐ നേതൃത്വവും

തിരുവനന്തപുരം: സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് മോഹിച്ച് നിലപാട് മാറ്റി സിപിഐ നേതൃത്വവും. മതതീവ്രവാദികളുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യുന്നത് സ്വാഗതം ചെയ്യുകയാണ്. നേമത്തടക്കം സ്ഥാനാര്‍ഥികള്‍ പിന്തുണയാവശ്യപ്പെട്ടെന്ന് എസ്ഡിപിഐ നേതൃത്വം പരസ്യമായി പറയുമ്പോഴും അവരെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രിയടക്കം എല്‍ഡിഎഫ് നേതാക്കള്‍ക്കാകുന്നില്ല.
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും അപകടമാണ്. രണ്ടിനെയും ഒരുപോലെ എതിര്‍ക്കണം. ഇതുവരെയുള്ള സിപിഎമ്മിന്റെയും സിപിഐയുടെയും പ്രഖ്യാപിത നിലപാട് ഇതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് എല്ലാക്കാലത്തും വര്‍ഗീയതക്കെതിരായി കടുത്ത നിലപാട് സ്വീകരിച്ചയാളുമാണ്. ബിജെപി ഡീലെന്ന ആരോപണത്തിന് പിന്നാലെ എസ്ഡിപിഐ എല്‍ഡിഎഫിന് പിന്തുണ കൊടുക്കുന്ന വിഷയം ഉയര്‍ന്നപ്പോള്‍ മുന്‍നിലപാട് വച്ച് അവരുടെ പിന്തുണ വേണ്ടെന്ന് ആദ്യം പറയേണ്ടയാള് പിണറായി വിജയനായിരുന്നു. മൂന്ന് ദിവസമായി എസ്ഡിപിഐ ചോദ്യങ്ങളോട് മുഖംതിരിക്കുകയാണ് പിണറായി.
കഴിഞ്ഞ ശനിയാഴ്ച ബിനോയ് വിശ്വം പറഞ്ഞ വാക്കുകള്‍ക്ക് കമ്മ്യൂണിസ്റ്റ് നേതാവിന്റെ ആര്‍ജവമുണ്ടായിരുന്നു. സിപിഐ നിലപാടില്‍ പിണറായി വിജയന് അതൃപ്തി പ്രകടിപ്പിച്ചതോടെ ബിനോയ് വിശ്വം ചുവട്മാറ്റി. ചിഹ്നത്തിന് നേരെ പതിയുന്ന വോട്ടിന് വിജയം എന്ന ഒറ്റ ആശയമേയുള്ളുവെന്നും ആദര്‍ശമൊന്നും തെരഞ്ഞെടുപ്പ് കാലത്ത് ചെലവാകില്ലെന്നും സിപിഐക്കും മനസിലായി.
കഴിഞ്ഞ തവണ എല്‍ഡിഎഫിനെ പിന്തുണച്ച മുസ്ലീം വിഭാഗം കൈവിട്ടതും, ജമാഅത്തൈ ഇസ്ലാമിയടക്കം യുഡിഎഫിന് കൂട്ടാകുന്നതും മറികടക്കാനാണ് സിപിഎം എസ്ഡിപിഐ വോട്ട് തേടുന്നത്. വിവാദങ്ങള്‍ കത്തുമ്പോള്‍ വര്‍ഗീയതക്കെതിരായ മുന്‍നിലപാടും നാല് വോട്ടിന് വേണ്ടി ഞങ്ങള്‍ രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന പിണറായിയുടെ പ്രസ്താവനയും സിപിഎമ്മിനെ വേട്ടയാടുക തന്നെ ചെയ്യും.