വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി

കോഴിക്കോട്: വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രിക പ്രകാശനം ചെയ്തത്. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, ക്യാമ്പസ് പ്ലേസ്‌മെന്റ്, കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, തുടങ്ങിയ വാഗ്ദാനങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പത്തുവർഷത്തിനിടെ കേരളം കൈവരിച്ച പുരോഗതിയുടെ തുടർച്ചക്കുള്ള 60 ഇന പരിപാടിയും 950 നിർദേശങ്ങളുമാണ് പ്രകടന പത്രികയിലുള്ളത്.വികസനം, ക്ഷേമം എന്നിവക്കുപുറമെ നവലോകത്തെ അഭിമുഖീകരിക്കാൻ പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിനുള്ള ഒട്ടേറെ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലുണ്ട്.എല്ലാ ക്ഷേമപെൻഷനുകളും 3000 രൂപ ആക്കും,ഈ അധ്യയന വർഷം 60000 കുട്ടികൾക്ക് ജോലി ഉറപ്പാക്കും.

സ്ത്രീകളിൽ 50 ശതമാനം പേർക്കും ജോലി, അഭ്യസ്ഥ വിദ്യരുടെ സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ, 2026-27ൽ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നൽകും, പവർ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങിയവയും വാഗ്ദാനത്തിലുണ്ട്. അതിവേഗ തെക്ക് വടക്ക് റെയിൽപാതയ്ക്കു വേണ്ടിയുള്ള ശ്രമം തുടരുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്.

ഇത്തവൻ രണ്ട് പുസ്തകമായാണ് എൽഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കിയത്. കോഴിക്കോട് നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, സിപിഐ നേതാവ് പ്രകാശ്ബാബു, കെ കൃഷ്ണൽകുട്ടി, എ കെ ശശീന്ദ്രൻ, എളമരംകരീം തുടങ്ങിയവർ പങ്കെടുത്തു.