മികച്ച സ്‌കൂളുകള്‍, വിവിധ പദ്ധതികള്‍, പുത്തന്‍ സൗകര്യങ്ങള്‍; വിദ്യാഭ്യാസവകുപ്പ് അടിമുടി മാറിയെന്ന് എല്‍ഡിഎഫ്

സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, അത്യാധുനിക സൗകര്യങ്ങളോടെ 714 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ലബോറട്ടറികള്‍, 2000 ഹൈസ്‌കൂളുകളിലായി 7000 റോബോട്ടിക് ലാബുകള്‍, സ്‌കൂള്‍ വെതര്‍ സ്റ്റേഷനുകള്‍…തുടര്‍ച്ചയായ രണ്ട് ടേമുകളില്‍ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ഏറ്റവും കൂടുതൽ മാറ്റങ്ങളുണ്ടാക്കിയത് വിദ്യാഭ്യാസ വകുപ്പിലാണ്.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖല അടിമുടി മാറിയതായി എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു. ഓണപ്പരീക്ഷ കഴിഞ്ഞ് മാത്രം പാഠ പുസ്തകങ്ങള്‍ ലഭിച്ചിരുന്ന സമ്പ്രദായത്തില്‍ നിന്ന്, സ്‌കൂള്‍ തുറക്കും മുന്‍പ് കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ എത്തിച്ചു നല്‍കാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമായി ഇടത് സര്‍ക്കാര്‍ എടുത്തു കാണിക്കുന്നു.

സ്‌കൂളുകളുടെ കെട്ടിട വികസനത്തിനും മറ്റും 141 സ്‌കൂളുകള്‍ക്ക് 5 കോടി രൂപയും, 386 സ്‌കൂളിന് 3 കോടി രൂപയും, 446 സ്‌കൂളിന് 1 കോടി രൂപയും കിഫ്ബി പദ്ധതിയിലൂടെ ഭരണാനുമതി നല്‍കിയെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇത് വരെ 588 സ്‌കൂളകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചുവെന്നും നാനൂറിലധികം സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും എല്‍ഡിഎഫ് പറയുന്നു.

വിദ്യാകിരണം പദ്ധതി വഴി 47,673 ലാപ്‌ടോപ്പുകളും, ഹൈടെക് പദ്ധതി വഴി 16,500 ലാപ്‌ടോപ്പുകളും രണ്ടു വര്‍ഷത്തിനുള്ളില്‍ നല്‍കിയെന്നും എല്‍ഡിഎഫ് വ്യക്തമാക്കുന്നു. ഓരോ പ്രീപ്രൈമറി സ്‌കൂളിനും ടെലിവിഷന്‍, ടാബ്ലെറ്റ് പി.സി, പോര്‍ട്ടബിള്‍ ട്രോളിസ്പീക്കര്‍, വോയ്‌സ് റിക്കോര്‍ഡര്‍, പെന്‍ഡ്രൈവ് എന്നിവയും നല്‍കിയെന്ന് ഇടത് മുന്നണി അവകാശപ്പെടുന്നു.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ ഉള്‍പ്പടെ ആധുനിക ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിച്ച് കിടപ്പിലായ അനീഷ അഷ്‌റഫ് എന്ന വിദ്യാര്‍ഥിക്ക് പത്താം ക്ലാസ് തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാന്‍ പ്രത്യേക അനുമതി നല്‍കിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

കാഴ്ചപരിമിതരായ കുട്ടികളുടെ പരിശീലനത്തിനായി ശാരദാ ബ്രെയ്‌ലി റൈറ്റര്‍, ശ്രവണ പരിമിതരായ വിദ്യാര്‍ഥികളുടെ പരിശീലനത്തിന് മുദ്രികാ പഠനം, അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി റോഷ്‌നി പദ്ധതി, വിവിധ കാരണങ്ങളാല്‍ സ്‌കൂളില്‍ എത്താന്‍ കഴിയാത്ത കുട്ടികളെ സ്‌പെഷ്യല്‍ ട്രെയിനിങ് വഴി പഠനം ഉറപ്പു വരുത്തുന്ന പദ്ധതി, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് മാന്വലിന് അംഗീകാരം നല്‍കിയവയും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളായി ഇടതുമുന്നണി എടുത്തുകാണിക്കുന്നു

43 ലക്ഷം കുട്ടികള്‍ക്ക് സൗജന്യ അപകട/ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതി ആരംഭിച്ചു. വി.എച്ച്.എസ്.ഇ കോഴ്‌സ് പാസായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ തൊഴില്‍ മേളകളിലൂടെ രണ്ട് വര്‍ഷം കൊണ്ട് 4891 ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിച്ചു. സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തിന് തുടക്കം കുറിച്ചു. 42 – ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂളുകള്‍ ആക്കി മാറ്റിയെന്നും ഇടതുമുന്നണി അവകാശപ്പെടുന്നു.