സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാ മോർച്ച

പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാ മോർച്ച. രമേശ് പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി. മഹിളാ മോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
സംവിധായകൻ രഞ്ജിത്തിന്റെ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ‘പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ല’ എന്നായിരുന്നു പിഷാരടിയുടെ മറുപടി. ഇത് സ്ത്രീവിരുദ്ധ പരാമർശമാണെന്നാണ് മഹിളാ മോർച്ചയുടെ വാദം. ഇത്തരമൊരാൾ പൊതുരംഗത്ത് മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ പ്രധാനമായും ആവശ്യപ്പെടുന്നത്.
ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട് വടക്കന്തറയിൽവച്ച് രമേശ് പിഷാരടിയെ തടഞ്ഞ ബി.ജെ.പി പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബി.ജെ.പി കൗൺസിലർ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് എടുത്തത്.
പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കൗൺസിലർ സിന്ധു രാജൻ അടക്കം മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. പെണ്ണുപിടിയന്മാരായ കോൺഗ്രസ് പ്രവർത്തകരെ ഒരു വീട്ടിലും കയറി വോട്ട് ചോദിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ബി.ജെ.പി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ ചേർത്തിട്ടുള്ളത്.