ഇടതുമുന്നണിയെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ച്; രാഹുൽ ഗാന്ധി

അമ്പലപ്പുഴ: ഇടതുമുന്നണിയെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകും. ഇന്ന് ഇടതുപക്ഷത്തിൽ ഇടതുപക്ഷത്തിന്റേതായി ഒന്നുമില്ല. സി പി എമ്മിലെ മുതിർന്ന നേതാവായിരുന്ന ജി സുധാകരൻ കോൺഗ്രസ് വേദിയിലെത്തിയത് എൽ ഡി എഫിന് സംഭവിച്ച അടിസ്ഥാനപരമായ മാറ്റങ്ങൾ കാരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജി സുധാകരന്റെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ വിമർശനം.
വർഗീയതയുടെ അദൃശ്യ കരങ്ങളാണ് എൽ ഡി എഫിനെ മുന്നോട്ടുനയിക്കുന്നത്. ഇത് രാജ്യത്തെ വിഭജിക്കുന്നതിനും വിദ്വേഷം പരത്തുന്നതിനും കാരണമാകും. കേരളത്തിൽ സി പി എമ്മും ബി ജെ പി-ആർ എസ് എസ് നേതൃത്വവും തമ്മിൽ അവിശുദ്ധമായ ഒരു ബന്ധമുണ്ടന്ന് ജനങ്ങൾക്ക് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇടതുമുന്നണിയിലെ പല നേതാക്കളും ഈ യാഥാർത്ഥ്യം തിരിച്ചറിയുന്നുണ്ട്. മുൻപ് എൽ ഡി എഫ് ചില ആശയങ്ങൾക്കായി നിലകൊണ്ടിരുന്നു. ഇപ്പോൾ അവർ ആ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചു.
അദാനിയുടെ കോർപ്പറേറ്റ് ഘടനയ്ക്ക് ബി ജെ പിയുമായും പ്രധാനമന്ത്രിയുമായും അടുത്ത ബന്ധമുണ്ട്. എപ്സ്റ്റീൻ ഫയലിൽ നരേന്ദ്ര മോദിയുടെ ക്യാബിനറ്റിലെ മന്ത്രിമാരുടെ പേരുകൾ ഉണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള വിവരങ്ങൾ അറിയാം. അതിനാൽ നരേന്ദ്ര മോദി ഡൊണാൾഡ് ട്രംപ് പറയുന്നതുപോലെ പ്രവർത്തിക്കും. ഇത് രാജ്യത്തെ കർഷകരെയും ഊർജ്ജ സുരക്ഷയെയും ദോഷകരമായി ബാധിക്കും.ബി ജെ പിയെയും നരേന്ദ്ര മോദിയും എന്നെയും കോൺഗ്രസിനെയും വേട്ടയാടുകയാണ്.
ആർ എസ് എസിനെ എതിർക്കുന്ന എന്റെ പേരിൽ 38 കേസുകളാണ് ഉളളത്. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിയെ തൊടാത്തത്. അയ്യപ്പന്റെ സ്വർണമാണ് ഇവിടെ കവർന്നത്. കേരളത്തിൽ വന്ന പ്രധാനമന്ത്രി ഇതിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല. മോദി ദൈവത്തെപ്പോലും മറന്നു. ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം.
ഇടതുപക്ഷം രാജ്യത്ത് ബി ജെ പിക്ക് വെല്ലുവിളിയാകില്ലെന്ന് മോദിക്കറിയാം. എന്നെ ആക്രമിക്കുന്ന മോദി എന്തുകൊണ്ട് നിങ്ങളുടെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നില്ല. എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്രമിക്കുന്നില്ല.’- രാഹുൽ ഗാന്ധി പറഞ്ഞു.കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നാണ് രാഹുൽഗാന്ധി കേരളത്തിലെത്തിയത്. പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിലെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.