തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്’ കിറ്റ് വിതരണത്തെചൊല്ലി യുഡിഎഫും ബിജെപിയും തമ്മിൽ സംഘർഷം

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ കിറ്റ് വിതരണത്തെചൊല്ലി യുഡിഎഫും ബിജെപിയും തമ്മിൽ സംഘർഷം. തൃശ്ശൂരിനടത്തുള്ള മണലൂർ മണ്ഡലത്തിന്റെ ഭാഗമായ വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകർ കിറ്റ് വിതരണം നടത്തുന്നു എന്നാരോപിച്ച് യുഡിഎഫ് രംഗത്തെത്തിയതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്.
കഴിഞ്ഞ ദിവസം തൃശ്ശൂരിലെ ഒരു സൂപ്പർമാർക്കറ്റിൽ ബിജെപി കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് തൊട്ടടുത്ത മണ്ഡലമായ മണലൂരിലും സമാനമായ സംഭവം. ഇലക്ഷൻ ഫ്‌ളൈയിംഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സ്ഥലത്തെ വിതരണ സ്ഥാപനത്തിൽ ബിജെപി പ്രവർത്തകർ നാലായിരത്തോളം കിറ്റുകൾ തയ്യാറാക്കി സൂക്ഷിച്ചിട്ടുണ്ടെന്നാണ് സിപിഎമ്മും യുഡിഎഫും ആരോപിച്ചത്.
രാവിലെ മുതൽ ബിജെപിയുടെ പ്രാദേശിക നേതാക്കൾ ഇവിടെയെത്തി കിറ്റുകൾ പായ്ക്ക് ചെയ്യുന്നുണ്ടായിരുന്നുവെന്നും, കഴിഞ്ഞ ദിവസങ്ങളിൽ സമീപപ്രദേശങ്ങളിൽ ഇവ വിതരണം ചെയ്തതായും യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ വലിയൊരു സംഘം യുഡിഎഫ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഇതോടെ ബിജെപി പ്രവർത്തകരും പ്രതിരോധവുമായി രംഗത്തെത്തിയതോടെയാണ് സംഘർഷത്തിൽ കലാശിച്ചത്.
വോട്ടർമാരെ സ്വാധീനിക്കാൻ ഭക്ഷ്യക്കിറ്റുകൾ ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യമാണ് അധികൃതർ നിലവിൽ പരിശോധിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വോട്ടർമാർക്കിടയിൽ കിറ്റുകൾ വിതരണം ചെയ്ത് ജനവിധി അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിക്കുമ്പോൾ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്.