സാബു എം ജേക്കബ് ഭീഷണിപ്പെടുത്തി, ട്വന്റി20 പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ട്വന്റി20യിൽ പൊട്ടിത്തെറി. ട്വന്റി20 വനിതാ നേതാവും പൂതൃക പഞ്ചായത്ത് പ്രസിഡന്റുമായ പൂജ ജോമോൻ രാജിവച്ചു. ട്വന്റി20യുടെ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ചായിരുന്നു രാജി. ഇതോടെ ട്വന്റി20ക്ക് പൂതൃക്ക പഞ്ചായത്ത് ഭരണം നഷ്ടമായിരിക്കുകയാണ്.
ജയിപ്പിച്ച പ്രസ്ഥാനമാണെങ്കിലും ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. സാബു എം ജേക്കബ് വിളിച്ചിട്ട് രാജി വയ്ക്കുകയാണോയെന്ന് ചോദിച്ചു. രാജിവച്ച ഒരു മെമ്പർ സ്കൂൾ ബസിടിച്ച് ഒരു പോറലുമില്ലാതെ മരണപ്പെട്ടുവെന്നും അവരുടെ കുടുംബം നശിച്ചുപോയെന്നും അത് ദൈവം വരുത്താതെയിരിക്കട്ടെയെന്നും പറഞ്ഞു. ഇങ്ങനെ പരോക്ഷമായി പറയുമ്പോൾ പാർട്ടിയിൽ തുടരാൻ ഒട്ടും താത്പര്യപ്പെടുന്നില്ല.
അതുകൊണ്ട് മാത്രമാണ് രാജി വയ്ക്കുന്നത്’- എന്നാണ് വാർത്താസമ്മേളനത്തിൽ പൂജ ജോമോൻ പറഞ്ഞത്.നറുക്കെടുപ്പിലൂടെയായിരുന്നു ട്വന്റി20 പൂതൃക്ക പഞ്ചായത്തിൽ ഭരണം നേടിയത്. യുഡിഎഫ് ഏഴ്, ട്വന്റി20 ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില. തുടർന്ന് നറുക്കെടുപ്പ് നടത്തി പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയായിരുന്നു.