മുതിർന്ന കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മൊഹ്സിന കിദ്വായി (94) അന്തരിച്ചു. ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നോയിഡ സെക്ടർ 40ലെ എഫ് 52-ാം നമ്പർ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വെെകുന്നേരം അഞ്ച് മണിക്ക്. ഭർത്താവ്: ഖലീൽ ആർ കിദ്വായ്. മൂന്ന് പെൺമക്കളുണ്ട്.
2004ൽ കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാ നേതാവായ മൊഹ്സിന കിദ്വായി ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ നിർണായകമായ പല വകുപ്പുകളുടെയും ചുമതല വഹിച്ചിട്ടുണ്ട്.ഉത്തർപ്രദേശിൽ നിന്നാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1950ലാണ് കോൺഗ്രസ് പാർട്ടിയിൽ അംഗമായത്. 1978ൽ മീററ്റ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചതോടെയാണ് അവർ ദേശീയ രാഷ്ട്രീയത്തിൽ സജീവമായത്.
മൂന്ന് തവണ ലോക്സഭാംഗം, രണ്ട് തവണ രാജ്യസഭാംഗം, കാബിനറ്റ് വകുപ്പ് മന്ത്രി തുടങ്ങിയ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലെ ഒരു മുസ്ലീം കുടുംബത്തിൽ 1932 ജനുവരി ഒന്നിനാണ് മൊഹ്സിന കിദ്വായി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അലിഗഢിലെ വിമൺസ് കോളേജിൽ നിന്നും ഇന്റർമീഡിയറ്റും മുസ്ലീം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും നേടി. 2016ൽ രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.