വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ കേരളത്തിലെ വോട്ടർമാർക്കും യുഡിഎഫ് പ്രവർത്തകർക്കും നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പ്രബുദ്ധരായ കേരളത്തിലെ വോട്ടർമാർക്കും യുഡിഎഫ് പ്രവർത്തകർക്കും നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി രാപ്പകൽ ഭേദമില്ലാതെ അധ്വാനിച്ച നേതാക്കൾക്കും പ്രവർത്തകർക്കും അദ്ദേഹം ഹൃദയാഭിവാദ്യങ്ങൾ നേർന്നു. “കേരളം ജയിക്കും, യുഡിഎഫ് നയിക്കും” എന്ന് ഫേസ്ബുക്കിൽ കുറിച്ച അദ്ദേഹം, നൂറിലധികം സീറ്റുകൾ നേടി ഐക്യജനാധിപത്യ മുന്നണി അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ തന്നെ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം നമ്പർ ബൂത്തിലെത്തി വി ഡി സതീശൻ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും അദ്ദേഹം വോട്ടെടുപ്പ് വേളയിൽ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. കടുത്ത പോരാട്ടം നടന്ന തിരഞ്ഞെടുപ്പിന് ശേഷം വോട്ടർമാരുടെ പ്രതികരണം യുഡിഎഫിന് അനുകൂലമാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തൽ.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും വോട്ടർമാർക്ക് നന്ദി അറിയിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. കടുത്ത വേനൽച്ചൂടിനെ അവഗണിച്ച് പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങളുടെ പങ്കാളിത്തം കേരളത്തിന്റെ ജനാധിപത്യ ബോധത്തിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ സഹായിച്ച ഉദ്യോഗസ്ഥർക്കും സുരക്ഷാ സേനയ്ക്കും മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. മുന്നണികൾ ഒരേപോലെ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ഇനി ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് കേരളം.