പോളിംഗ് ബൂത്തിലെ നിരോധന ഉത്തരവ് ലംഘിച്ചു; ഷാനിമോൾ ഉസ്‌മാനെതിരെ പൊലീസ് കേസ്

ആലപ്പുഴ: അരൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പോലീസ് കേസെടുത്തു. നിരോധന ഉത്തരവ് ലംഘിച്ചതിനും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കാതിരുന്നതിനുമാണ് പൂച്ചാക്കൽ പോലീസ് നടപടിയെടുത്തത്. ഷാനിമോൾക്ക് പുറമെ സംഘർഷത്തിൽ ഏർപ്പെട്ട എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പെരുമ്പളം സർക്കാർ സൗത്ത് എൽപി സ്കൂളിലെ പോളിങ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വൈകിട്ട് 6:30-ഓടെയാണ് ഷാനിമോൾ ഉസ്മാൻ ബൂത്തിലെത്തിയത്. എന്നാൽ പോളിങ് സമയം കഴിഞ്ഞ് ഗേറ്റ് അടച്ചതിനാൽ അകത്തേക്ക് പ്രവേശിക്കാൻ പോലീസ് അനുവദിച്ചില്ല. ഇതോടെ സ്ഥാനാർത്ഥിയും പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തിറങ്ങി.
ഷാനിമോളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതിനെ എൽഡിഎഫ് പ്രവർത്തകർ ശക്തമായി എതിർത്തതോടെ ബൂത്തിന് മുന്നിൽ വലിയ തോതിലുള്ള സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് മണിക്കൂറുകളോളം സ്ഥാനാർത്ഥി ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് പ്രശ്നത്തിന് താത്കാലിക പരിഹാരമായത്.
മൂന്ന് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ ഷാനിമോൾ ഉസ്മാൻ, യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് കെ. ഉമേശൻ, സിപിഐഎം ലോക്കൽ സെക്രട്ടറി ഹർഷഹരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ എന്നിവർക്ക് മാത്രം ബൂത്തിനുള്ളിൽ പ്രവേശിക്കാൻ അനുമതി നൽകി. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം പോളിങ് സമയം കഴിഞ്ഞാൽ ബൂത്തിനുള്ളിൽ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുള്ളതിനാൽ, ഈ ഉത്തരവ് ലംഘിച്ചു എന്നതിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.