തിരുവനന്തപുരത്ത് ബിജെപി ഒഴുക്കിയത് കോടികൾ, ഓരോ വീട്ടിലും പതിനായിരം രൂപ വീതം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തിരുവനന്തപുരം ജില്ലയിൽ വൻതോതിൽ പണമൊഴുക്കിയെന്ന് എ.എ. റഹീം. വോട്ടർമാരെ സ്വാധീനിക്കാൻ പതിനായിരം രൂപ മുതൽ ഓരോ വീട്ടിലും നൽകിയെന്നും ബിജെപി വോട്ട് വിലയ്ക്കുവാങ്ങാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പല വീടുകളിലും ബിജെപി പതിനായിരം രൂപ വീതം വിതരണം ചെയ്തു. ചിലരുടെ ലോണുകൾ പോലും ബിജെപി തീർത്തു നൽകുന്നുണ്ട്. ഇന്ത്യയെ വിറ്റു കിട്ടുന്ന പണമാണ് തിരുവനന്തപുരത്ത് ബിജെപി ഒഴുക്കുന്നത്. കേരളത്തെ പണവും മദ്യവുമൊഴുക്കി ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിക്ക് വോട്ട് ലഭിച്ചാൽ അത് രാഷ്ട്രീയ വോട്ടുകളാണെന്ന് കരുതരുത്.

വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം എന്നിവിടങ്ങളിൽ ബിജെപിയെ എൽഡിഎഫ് പരാജയപ്പെടുത്തും. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റുകളിലും എൽഡിഎഫ് ജയിക്കുമെന്നും റഹീം അവകാശപ്പെട്ടു. എൽഡിഎഫ് സർക്കാർ തുടരണമെന്നാണ് ജനാഗ്രഹം. പെൻഷൻ മുടങ്ങുമെന്ന പേടിയും വികസനത്തോടുള്ള വിശ്വാസവുമാണ് ജനങ്ങളെ എൽഡിഎഫിന് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചത് റഹീം കൂട്ടിച്ചേർത്തു.