നിതിൻ രണ്ടാമത്തെ രോഹിത് വെമുല! ജാതി അധിക്ഷേപം കേരളത്തിന് അപമാനം; രമേശ് ചെന്നിത്തല

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിതിൻ രാജിനെ ‘രണ്ടാമത്തെ രോഹിത് വെമുല’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, കേരളത്തിലെ ഒരു കലാലയത്തിൽ ഇത്തരത്തിൽ ജാതി അധിക്ഷേപം നടക്കുന്നത് അങ്ങേയറ്റം അപമാനകരമാണെന്ന് പറഞ്ഞു. സംഭവത്തിൽ നിഗൂഢതയുണ്ടെന്നും ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
വിഷുദിനത്തിൽ മകന്റെ വരവ് കാത്തിരുന്ന മാതാപിതാക്കൾക്ക് ലഭിച്ചത് മൃതദേഹമാണെന്നത് ഹൃദയഭേദകമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിതിൻ ജീവനൊടുക്കിയതാണോ എന്ന കാര്യത്തിൽ കുടുംബത്തിന് സംശയമുണ്ട്. ലോൺ ആപ്പുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ വെറും അസംബന്ധമാണ്. ജാതി അധിക്ഷേപം അംഗീകരിക്കാനാവില്ലെന്നും എംബിബിഎസ് ലക്ഷ്യമിട്ട് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് വർഷം മുൻപ് ഇതേ കോളേജിൽ സമാനമായ മറ്റൊരു സംഭവം നടന്നതായി ആരോപണമുണ്ട്. നിതിനെ അസുഖം ബാധിച്ചപ്പോൾ സിക്ക് റൂമിൽ കിടത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ദുരൂഹമാണ്. മൃതദേഹം വീട്ടിലെത്തിച്ചിട്ടും കോളേജ് അധികൃതർ ആരും തിരിഞ്ഞുനോക്കാത്തത് ക്രൂരമായ നടപടിയാണെന്നും യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.