വാൽപ്പാറ ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി

തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ഒൻപത് മലയാളികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതീവ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മലപ്പുറം പാങ്ങ് ചേണ്ടി പാറമ്മൽ എൽ.പി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ഏഴ് സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. നിയന്ത്രണം വിട്ട വാഹനം സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

11 വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ നാല് പേർ പൊള്ളാച്ചിയിൽ ചികിത്സയിലാണ്. ആതിരപ്പള്ളി, വാഴച്ചാൽ സന്ദർശനത്തിന് ശേഷം വാൽപ്പാറയിലേക്ക് പോകുന്നതിനിടെയാണ് ദുരന്തം. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള KL 11 AM 7288 എന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ തമിഴ്‌നാട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.