‘വീട്ടിലേക്ക് ചക്ക വീഴുന്നു’; മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതി

തൃശൂർ: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചുചേർത്ത വാർത്താസമ്മേളനം തടസപ്പെടുത്തി യുവതി. തൃശൂർ കളക്ടറേറ്റിൽ മന്ത്രിമാരായ ആർ ബിന്ദു, വി എൻ വാസവൻ, കെ രാജൻ തുടങ്ങിയവർ പങ്കെടുക്കുന്ന വാർത്താസമ്മേളനമാണ് യുവതി തടസപ്പെടുത്തിയത്. സമ്മേളനം തുടങ്ങുന്നതിനുമുൻപ് മന്ത്രിമാർക്ക് മുന്നിലേക്ക് എത്തിയ യുവതി തന്റെ പരാതിക്ക് ആദ്യം പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മന്ത്രിമാർക്കുമുൻപിൽ യുവതി തന്റെ നിൽപ്പ് സമരം ഏറെ നേരത്തേക്ക് തുടർന്നു.
വാർത്താസമ്മേളനത്തിനു ശേഷം പരാതി പരിശോധിക്കാമെന്ന് മന്ത്രിമാർ പറഞ്ഞെങ്കിലും പിന്മാറാൻ യുവതി കൂട്ടാക്കിയില്ല. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് യുവതിയെ പുറത്തേക്ക് കൊണ്ടുപോയത്. കളക്ടറേറ്റിൽ സ്വകാര്യ ആവശ്യത്തിനായി എത്തിയതായിരുന്നു യുവതി. വീട്ടിലേക്ക് ചക്കവീഴുന്നതുമായി ബന്ധപ്പെട്ട പരാതിയുമായാണ് യുവതി കളക്ടറേറ്റിൽ എത്തിയതെന്നാണ് വിവരം.