‘മാലിന്യനീക്കം ഫോട്ടോ ഷൂട്ടായി മാറി, പോടാ പുല്ലേ പൊലീസേ എന്ന മുദ്രാവാക്യത്തിന് മുൻകൂർ പ്രാബല്യമുണ്ടോ?’

തിരുവനന്തപുരം: തലസ്ഥാന നഗരസഭയിലെ ബിജെപി ഭരണത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മന്ത്രി വി ശിവൻകുട്ടി. മാലിന്യനീക്കം ഫോട്ടോ ഷൂട്ടായി മാറിയെന്നും മൂക്കുപൊത്താതെ നഗരത്തിലൂടെ നടക്കാൻ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ വിമർശനം. നഗരസഭാ ഭരണം ദുസ്സഹമാണെന്നും തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ആർ ശ്രീലേഖയ്ക്കും ടി പി സെൻകുമാർ എന്നിവർക്കെതിരെയും വിമർശനം ഉന്നയിച്ചു.
നഗരസഭയ്ക്കുള്ളിലെ കുടിവെളളപ്രശ്നത്തിന് നഗരസഭയ്ക്ക് ഉത്തരവാദിത്തം ഇല്ലെന്ന മേയറുടെ വാദം പരിഹാസ്യമാണ്. നഗരസഭാ ഭരണത്തിനെതിരെ പ്രക്ഷോഭം ഉയർന്നുവരികയാണ്. പോടാ പുല്ലേ പൊലീസേ എന്ന മുദ്രാവാക്യത്തിന് മുൻകൂർ പ്രാബല്യം ഉണ്ടോ?. സർവീസിൽ ഇരിക്കെ ഇവർ എടുത്ത നടപടികൾ പുനഃപരിശോധിക്കണം’- മന്ത്രി ആവശ്യപ്പെട്ടു. സൂര്യാഘാതം ഉണ്ടാകാനുളള സാദ്ധ്യതയുള്ളതിനാൽ രാവിലെ പതിനൊന്ന് മണിമുതൽ വൈകിട്ട‌് മൂന്നുമണിവരെ ജോലി ഒഴിവാക്കണമെന്ന സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും പല തൊഴിലുടമകളും ഇത് പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേയും തിരുവനന്തപുരം കോർപ്പറേഷനെ മന്ത്രി കടുത്തഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായി മേയർ വി വി രാജേഷും രംഗത്തെത്തിയിരുന്നു. നഗരത്തിലെ മാലിന്യസംസ്കരണം അവതാളത്തിലാക്കിയത് വി ശിവൻകുട്ടിയുടെ നേതൃത്വത്തിലാണെന്നും വിളപ്പിൽശാല എന്നുകേൾക്കുമ്പോൾ ആളുകൾക്ക് ഭയമാണെന്നുമാണ് വി വി രാജേഷ് പറഞ്ഞത്. തിരുവനന്തപുരത്ത് മാത്രമല്ലമാലിന്യ സംസ്കരണം എന്നുകേൾക്കുമ്പോൾ കേരളത്തെ മുഴുവൻ ഭയപ്പാടിലാക്കുന്ന തരത്തിലാണ് സിപിഎം പ്രവർത്തിച്ചത്. വി ശിവൻകുട്ടിയുടെ ആവേശം തിരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് നാല് ആകുമ്പോൾ അടങ്ങും എന്നും മേയർ പരിഹസിച്ചിരുന്നു.