ബിജെപി പ്രവേശനം തിരിച്ചടിയായി? രാഘവ് ഛദ്ദയെ കൈവിട്ട് ജെൻസികൾ, ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് കുത്തനെ കുറഞ്ഞു

ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരാനുള്ള രാഘവ് ഛദ്ദയുടെ തീരുമാനം യുവതലമുറയ്ക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ബിജെപി പ്രവേശനം പ്രഖ്യാപിച്ച് 24 മണിക്കൂറിനകം ഛദ്ദയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തത് പത്ത് ലക്ഷത്തിലധികം പേരാണ്. വെള്ളിയാഴ്ച 14.6 മില്യൺ ഫോളോവേഴ്സ് ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ശനിയാഴ്ച ഉച്ചയോടെ അത് 13.5 മില്യണായി കുറഞ്ഞു. യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന നേതാവിനെതിരെ ‘UnfollowRaghavChadha’ എന്ന ഹാഷ്ടാഗ് പ്രചാരണവും ശക്തമാണ്.
ബിജെപിയിലേക്ക് മാറുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന മുൻകാല പോസ്റ്റുകൾ ഛദ്ദ നീക്കം ചെയ്തിരുന്നു. ഇതും പ്രതിഷേധക്കാരുടെ വിമർശനത്തിന് ആക്കം കൂട്ടി. തന്നെ തെറ്റായ പാർട്ടിയിലെ ശരിയായ മനുഷ്യൻ എന്ന് വിശേഷിപ്പിച്ചാണ് ഛദ്ദ എഎപി വിട്ടത്. എന്നാൽ, രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള ഈ കൂടുമാറ്റം വഞ്ചനയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.
രാഘവ് ഛദ്ദ ഉൾപ്പെടെ ഏഴ് രാജ്യസഭാ എംപിമാരാണ് എഎപി ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്. സന്ദീപ് പഥക്, അശോക് മിത്തൽ, സ്വാതി മലിവാൾ, ഹർഭജൻ സിംഗ് തുടങ്ങിയ പ്രമുഖരും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ രാജ്യസഭയിൽ എഎപിയുടെ അംഗബലം പത്തിൽ നിന്ന് മൂന്നായി ചുരുങ്ങി. ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ ഭാഗമായാണ് ഈ നീക്കമെന്നും പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എഎപി നേതൃത്വം ആരോപിച്ചു.