ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരാനുണ്ടായ സാഹചര്യം വിശദീകരിച്ച് രാജ്യസഭാ എംപി രാഘവ് ഛദ്ദ

ന്യൂഡൽഹി:ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരാനുണ്ടായ സാഹചര്യം വിശദീകരിച്ച് രാജ്യസഭാ എംപി രാഘവ് ഛദ്ദ. തന്റെ യൗവനത്തിന്റെ 15 വർഷം പാർട്ടിക്കായി നൽകിയെന്നും ആം ആദ്മി പാർട്ടി പഴയതുപോലെയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇപ്പോൾ ആംആദ്മി പാർട്ടി ചില അഴിമതിക്കാരുടെ കൈകളിലാണെന്നും രാജ്യത്തിനായല്ല,മറിച്ച് സ്വന്തം നേട്ടത്തിനുവേണ്ടിയാണ് അവർ പ്രവർത്തിക്കുന്നതെന്നും ഛദ്ദ വിമർശിച്ചു.
രാഷ്ട്രീയം വിടുക,പാർട്ടിയിൽ തുടരുക, ആം ആദ്മി പാർട്ടിയെ ശരിയായി മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുക ഇവയായിരുന്നു തനിക്ക് മുന്നിലുണ്ടായിരുന്ന വഴികൾ.എന്നാൽ നിലവിൽ പാർട്ടിയിൽ വിഷലിപ്തമായ തൊഴിൽ അന്തരീക്ഷമാണുള്ളതെന്നും, സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനും പാർലമെന്റിൽ സംസാരിക്കുന്നതിനും താൻ തടസങ്ങൾ നേരിടുന്നുവെന്നും അതിനാലാണ് ബിജെപിയിലേക്ക് ചുവടുമാറ്റിയതെന്നും രാഘവ് ഛദ്ദ വിശദീകരിച്ചു.താൻ മാത്രമല്ല, മറ്റ് ഏഴ് എംപിമാരും ഇതേ കാരണങ്ങളാലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും ഛദ്ദ വെളിപ്പെടുത്തി.
ഒരാൾക്ക് തെറ്റ് പറ്റാം, എന്നാൽ ഏഴ് പേർക്ക് ഒരേസമയം എങ്ങനെ തെറ്റ് പറ്റുമെന്ന് ചോദിച്ച അദ്ദേഹം, ഭയം മൂലമാണ് പാർട്ടി വിട്ടതെന്ന വിമർശനങ്ങളെ പൂർണ്ണമായും നിഷേധിച്ചു.നിരാശയും വെറുപ്പും മൂലമാണ് ആംആദ്മി വിട്ട് ബിജെപിയിലേയ്ക്ക് പോകേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശരിയായ വ്യക്തി തെറ്റായ പാർട്ടിയിൽ എന്ന അവസ്ഥയിലായിരുന്നു താനെന്നും ബിജെപിയിൽ ചേർന്ന് ജനപ്രശ്നങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.