“പൈപ്പിൽ വെള്ളമല്ല, ശബ്ദം മാത്രം: നഗരസഭയ്ക്കെതിരെ കെ. മുരളീധരൻന്റെ കടുത്ത പരിഹാസം”

തിരുവനന്തപുരം: തലസ്ഥാനത്തെ കടുത്ത കുടിവെള്ള പ്രതിസന്ധിയിൽ നഗരസഭയ്ക്കും മേയർക്കുമെതിരെ രൂക്ഷവിമർശനവുമായി നേതാവ് കെ. മുരളീധരൻ. പരാതിയുമായി മേയറെ സമീപിച്ചാൽ വാട്ടർ അതോറിറ്റിയെ കാണാൻ പറയുമെന്നും, വാട്ടർ അതോറിറ്റിയിൽ ചെന്നാൽ അധികാരം കോർപ്പറേഷനാണെന്ന് പറഞ്ഞ് കൈമലർത്തുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
പ്രധാന തീർത്ഥാടന കേന്ദ്രമായ ആറ്റുകാൽ വാർഡിൽ ഈ നഗരസഭാ ഭരണസമിതി വന്ന ശേഷം കുടിവെള്ളം ലഭിച്ചിട്ടില്ലെന്ന് മുരളീധരൻ ആരോപിച്ചു. പൊങ്കാല സമയത്ത് പോലും ഭക്തർ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. നഗരത്തിൽ പൈപ്പ് പൊട്ടുന്നത് പതിവായിട്ടും ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ പോലും മേയർ തയ്യാറാകുന്നില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉണ്ടെങ്കിലും ഉദ്യോഗസ്ഥരെ വിളിച്ചു ചേർക്കുന്നതിന് തടസ്സമില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
“പുറത്തിറങ്ങിയാൽ ചൂട് സഹിക്കാൻ വയ്യ, പൈപ്പ് തുറന്നാൽ വരുന്നത് വെള്ളമാണോ പാമ്പിന്റെ ശബ്ദമാണോ എന്ന് തിരിച്ചറിയാൻ വയ്യ” എന്നായിരുന്നു നഗരത്തിലെ ദുരവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിഹാസം. നഗരപിതാവായ മേയർക്ക് എല്ലാവരെയും ഏകോപിപ്പിച്ച് വെള്ളം എത്തിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും ഉദ്യോഗസ്ഥരുടെ വീഴ്ചകൾ തിരുത്തിച്ച് അടിയന്തരമായി ഇടപെടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.