കോൺഗ്രസിൽ മുഖ്യമന്ത്രി പോര് കടുപ്പം; ഹൈക്കമാൻഡിന് തീരുമാനം വിട്ട് നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച നിർണായക ചർച്ചകൾ കോൺഗ്രസിൽ ചൂടുപിടിക്കുമ്പോൾ അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ട് നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള ഹൈക്കമാൻഡാണ് ഇനി അന്തിമ തീരുമാനമെടുക്കുക.
എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും കെപിസിസി ആസ്ഥാനത്ത് നേതാക്കളുമായി തുടർച്ചയായ ചർച്ചകൾ നടത്തുകയാണ്. കെ. സുധാകരൻ, വി.എം. സുധീരൻ, കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി അവർ ആശയവിനിമയം നടത്തി. പിന്നാലെ 63 എംഎൽഎമാരെ ഒരുമിച്ചും വ്യക്തിഗതമായും കാണുന്ന പ്രക്രിയയും ആരംഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാട് കെ.സി. വേണുഗോപാൽ ക്യാമ്പ് ശക്തമായി മുന്നോട്ടുവെക്കുന്നു. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷ പിന്തുണ ഉറപ്പിച്ചാൽ രാഹുൽ ഗാന്ധിയുടെ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ വിഭാഗം.
അതേസമയം, എംഎൽഎമാരുടെ എണ്ണം മാത്രം മാനദണ്ഡമാക്കരുതെന്ന് വി.ഡി. സതീശൻ നിരീക്ഷകരോട് ആവശ്യപ്പെട്ടു. എല്ലാ രാഷ്ട്രീയ ഘടകങ്ങളും പരിഗണിച്ചായിരിക്കണം തീരുമാനം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നതിനെതിരെ രമേശ് ചെന്നിത്തല–വി.ഡി. സതീശൻ പക്ഷങ്ങൾ തമ്മിൽ ഏകോപനം ഉണ്ടാകാമെന്ന സൂചനകളും പുറത്തുവരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തിനായി 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായി കെസി വിഭാഗം അവകാശപ്പെടുന്നു. ചെന്നിത്തല പക്ഷം കുറഞ്ഞത് 16 എംഎൽഎമാരുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും സതീശൻ ക്യാമ്പ് ഒൻപത് എംഎൽഎമാർ തങ്ങളോടൊപ്പമുണ്ടെന്നുമാണ് അവകാശപ്പെടുന്നത്.
എന്നാൽ നിരീക്ഷകരുമായുള്ള വ്യക്തിഗത കൂടിക്കാഴ്ചകളിൽ എംഎൽഎമാർ നിലപാട് മാറ്റുമോയെന്ന ആശങ്ക വിവിധ ഗ്രൂപ്പുകളിലും നിലനിൽക്കുന്നു. ചില എംഎൽഎമാരെ സ്വാധീനിക്കാൻ മന്ത്രിസ്ഥാന വാഗ്ദാനങ്ങൾ നൽകിയതായും രാഷ്ട്രീയ വൃത്തങ്ങളിൽ സൂചനയുണ്ട്.
നിരീക്ഷകർ ഡൽഹിയിലേക്ക് മടങ്ങിയശേഷമായിരിക്കും അന്തിമ റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിക്കുക. ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ സംബന്ധിച്ച നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.