കോൺഗ്രസ് ഏകാധിപത്യ പാർട്ടിയല്ല; മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനെച്ചൊല്ലിയുള്ള ചർച്ചകളിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. കോൺഗ്രസ് ഒരു ഏകാധിപത്യ പാർട്ടിയല്ലെന്നും എല്ലാവരുമായും ചർച്ചകൾ നടത്തി തീരുമാനമെടുക്കുന്ന സ്വഭാവമാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന പ്രകാരം മെയ് 23 വരെ സമയമുണ്ട്. എല്ലാവരോടും ചർച്ച ചെയ്യേണ്ടത് പാർട്ടിയുടെ രീതിയാണ്. യുഡിഎഫിൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. മന്ത്രിസഭയിൽ ആര് വേണമെന്ന് പാർട്ടി തീരുമാനിക്കും, ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടന്ന ഫ്ലെക്സ് യുദ്ധം അവസാനിച്ചെന്നും എല്ലാ ഫ്ലെക്സുകളും മാറ്റിയെന്നും ഇനി അത്തരം കാര്യങ്ങൾ ഉണ്ടാവില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സസ്പെൻസുകൾക്ക് വിരാമമിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ ഹൈക്കമാൻഡ് പ്രതിനിധികൾ മുഖ്യമന്ത്രിയുടെ പേര് അടങ്ങിയ മുദ്രവെച്ച കവർ കൈമാറും. നിരീക്ഷകരായ ദീപാ ദാസ് മുൻഷി, അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ യോഗത്തിൽ പങ്കെടുക്കും.