സംസ്ഥാന സെക്രട്ടറി പരാജയം, ആര്യക്കെതിരെ ശിവൻകുട്ടി; സി.പി.ഐ.എം കമ്മിറ്റികളിൽ പൊട്ടിത്തെറി

തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിനെതിരെ താഴെത്തട്ടിലെ കമ്മിറ്റികളിൽ രൂക്ഷവിമർശനം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ പ്രവർത്തനശൈലിയും പരാമർശങ്ങളും പരാജയത്തിന് കാരണമായെന്നാണ് ജില്ലാ ഘടകങ്ങളുടെ വിലയിരുത്തൽ.
തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം തികഞ്ഞ പരാജയമാണെന്നും, തിരഞ്ഞെടുപ്പ് സമയത്ത് സ്വന്തം ഭാര്യ മത്സരിച്ച കണ്ണൂരിൽ മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും വിമർശനം ഉയർന്നു. മുൻ മേയർ ആര്യ രാജേന്ദ്രന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ പാർട്ടിയെ അവമതിപ്പിലാക്കിയെന്ന് വി. ശിവൻകുട്ടി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയപ്പോൾ സ്ത്രീകൾക്കിടയിൽ നിന്ന് പോലും വലിയ എതിർപ്പാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉടുമ്പൻചോലയിൽ എം.എം. മണിയെ സ്ഥാനാർത്ഥിയാക്കാതിരുന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം പാളിയെന്ന് ഇടുക്കി ജില്ലാ കമ്മിറ്റി വിലയിരുത്തി. മറ്റുള്ളവർക്ക് രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകിയപ്പോൾ മണിയെ തഴഞ്ഞത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. ഇത് വോട്ട് ചോർച്ചയ്ക്ക് കാരണമായെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
ആലപ്പുഴയിൽ നേതാക്കളുടെ സ്വഭാവരീതിക്കെതിരെയാണ് പ്രധാനമായും വിമർശനം ഉയർന്നത്. പിണറായി വിജയൻ നടത്തിയ ‘ചെറ്റ’ പരാമർശം സാധാരണക്കാരെ പാർട്ടിക്കെതിരാക്കി. സാധാരണക്കാരെ കാണുമ്പോൾ ചിരിക്കാൻ പോലും മറക്കുന്ന ധാർഷ്ട്യക്കാരായി നേതാക്കൾ മാറിയെന്നും വിമർശനമുണ്ടായി. പാർട്ടിക്കുള്ളിൽ ചർച്ചകൾ കുറയുന്നതായും തീരുമാനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണെന്നും ആരോപണം ഉയർന്നു. മുൻ എം.എൽ.എ യു. പ്രതിഭയുടെ പരസ്യ പ്രതികരണങ്ങൾ അച്ചടക്ക ലംഘനമാണെന്നും കമ്മിറ്റി വിലയിരുത്തി. എന്നാൽ പാർട്ടിയിൽ ഇപ്പോൾ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. 1970-കളിൽ 17 സീറ്റിലേക്ക് ഒതുങ്ങിയപ്പോഴും പാർട്ടി ശക്തമായി തിരിച്ചുവന്നിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.