വീണ്ടും കൂടുമാറുമോ? ബിജെപി നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന അഭ്യൂഹം തള്ളാതെ കെ വി തോമസ്

കൊച്ചി: ബിജെപി നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന അഭ്യൂഹം തള്ളാതെ കെ വി തോമസ്. കൂടിക്കാഴ്‌ച നടത്തിയോ എന്ന ചോദ്യത്തിന് പലരുമായും കൂടിക്കാഴ്‌ച നടത്താറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ആരെയെങ്കിലും നിലനിർത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പുതിയ സർക്കാരാണെന്നും തോമസ് കൂട്ടിച്ചേർത്തു.

ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായി കെ വി തോമസ് കൂടിക്കാഴ്‌ച നടത്തിയെന്ന റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കൂടുമാറ്റം വല്ലതുമുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ‘നിങ്ങൾക്ക് ഒത്തിരി കഥ കൊടുക്കാം. ഞാൻ അമ്പത് വർഷമായി ഇവിടെ ഉള്ളതാണ്. പത്തിരുപത് വർഷമായി നേരിട്ട് കണ്ടുകൊണ്ടിരിക്കുന്ന ആളുകളാണ്.

ബി എൽ സന്തോഷ് ഉൾപ്പെടെയുള്ളവരെ എത്രകാലമായി കാണുന്നതാണ്. ഇന്ന് ആദ്യമായി കാണുന്നതല്ലല്ലോ’ എന്നാണ് തോമസ് പറഞ്ഞത്.രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു കെ വി തോമസ്. തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ സ്ഥാനത്ത് നിന്ന് രാജിവച്ച് ഓഫീസ് ഒഴിയുകയും ചെയ്‌തിരുന്നു. ഇന്ന് ഡൽഹി കേരളാ ഹൗസിലെത്തി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.കേന്ദ്രമന്ത്രി നിർമലാ സീതാരാമനുമായും കെ വി തോമസ് വരുംദിവസങ്ങളിൽ കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മറ്റ് ചില സംസ്ഥാനങ്ങളും അദ്ദേഹത്തെ തങ്ങളുടെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാക്കാൻ ആലോചിക്കുന്നതായ റിപ്പോർട്ടുകളും വരുന്നുണ്ട്.കോൺഗ്രസ് നേതാവായിരുന്ന തോമസ്, സംസ്ഥാന മന്ത്രിസഭയിലും യുപിഎ കാലത്ത് കേന്ദ്രമന്ത്രിസഭയിലും അംഗമായിരുന്നു.

എന്നാൽ, 2019ൽ ലോക്‌സഭാസ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസുമായി അകന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാലത്ത് ഇടത് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തതോടെ 2022ൽ അദ്ദേഹത്തെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. തുടർന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കുകയായിരുന്നു.