ബലാത്സംഗക്കേസ്; എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെ വിട്ടു

ബലാത്സംഗക്കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ നെയ്യാറ്റിൻകര സെഷൻസ് കോടതി വെറുതെ വിട്ടു. പരാതിക്കാരി ഉൾപ്പെടെയുള്ള നാല് സാക്ഷികൾ കൂറുമാറിയതിനെത്തുടർന്നാണ് കോടതിയുടെ നിർണായക ഉത്തരവ്. താൻ പീഡനത്തിന് ഇരയായിട്ടില്ലെന്ന് പരാതിക്കാരി മൊഴി മാറ്റിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.

തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിലാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം, വധശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. പരാതിക്കാരിയായ യുവതിയെ ഒന്നിലധികം തവണ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എൽദോസ് കുന്നപ്പിള്ളിയെ കൂടാതെ അദ്ദേഹത്തിൻ്റെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളായിരുന്നു. കേസ് പിൻവലിക്കാൻ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഇവർക്കെതിരെയുള്ള ആരോപണം.