വി.ഡി. സതീശൻ പറഞ്ഞത് കള്ളം! ധവളപത്രം ഞങ്ങളുടെ വാദങ്ങളെ ശരിവെക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ച വാദങ്ങൾക്കെതിരെ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രതിപക്ഷ നേതാവായിരുന്ന കാലം മുതൽ സതീശൻ പറഞ്ഞിരുന്ന പല കണക്കുകളും കള്ളമാണെന്ന് ധവളപത്രത്തിലെ വിവരങ്ങൾ പുറത്തുവന്നതോടെ തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തിന്റെ കടം ആറു ലക്ഷം കോടി രൂപയാണെന്നായിരുന്നു കഴിഞ്ഞ അഞ്ചുവർഷമായി സതീശൻ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ അത് 4.85 ലക്ഷം കോടി രൂപ മാത്രമാണെന്ന് അന്ന് തന്നെ തങ്ങൾ തിരുത്തിയിട്ടുള്ളതാണ്.

ഇപ്പോൾ സംസ്ഥാനത്തിന്റെ കടം 5.7 ലക്ഷം കോടിയാണെന്ന് മുഖ്യമന്ത്രി തന്നെ ധവളപത്രത്തിൽ വ്യക്തമാക്കിയതോടെ അന്ന് തങ്ങൾ പറഞ്ഞിരുന്ന കണക്കുകളാണ് ശരിയെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യ ഇനത്തിൽ 1.25 ലക്ഷം കോടി രൂപയോളം നൽകാനുണ്ടെന്നായിരുന്നു മുൻപ് സതീശൻ വാദിച്ചിരുന്നത്. എന്നാൽ ധവളപത്രത്തിൽ ഈ കുടിശ്ശിക 48,000 കോടി രൂപ മാത്രമാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഔദ്യോഗിക രേഖകൾ കള്ളം പറയില്ലല്ലോ എന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിയുടെ സമയത്ത് ജി.എസ്.ഡി.പി.യുടെ 39 ശതമാനം വരെ ഉയർന്നിരുന്ന സംസ്ഥാനത്തിന്റെ കടബാധ്യത ഇപ്പോൾ 33.6 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധവളപത്രം തയ്യാറാക്കേണ്ടത് ധനവകുപ്പാണെന്നും ഖജനാവിനകത്തെ വിവരങ്ങൾക്ക് കൃത്യമായ രഹസ്യസ്വഭാവം പുലർത്തേണ്ടതുണ്ടെന്നും മുൻ ധനമന്ത്രി ഓർമ്മിപ്പിച്ചു. ഇത്തരം വിവരങ്ങൾ എളുപ്പത്തിൽ പുറത്തുവിടാൻ പാടില്ലാത്തതാണ്. ഇന്ദിരാ ഗാരന്റി പദ്ധതിക്ക് വരുന്ന യഥാർത്ഥ ചെലവുകളെക്കുറിച്ച് പഠിക്കാൻ ഈ വിഭാഗത്തെത്തന്നെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ഫിസ്‌കൽ നയങ്ങളിൽ വന്ന മാറ്റങ്ങളും സംസ്ഥാനത്തിനുള്ള വിവിധ വിഹിതങ്ങൾ വെട്ടിക്കുറച്ചതുമാണ് കേരളത്തിന്റെ വരുമാനത്തെ വലിയ രീതിയിൽ ബാധിച്ചത്. ധവളപത്രം തയ്യാറാക്കുമ്പോൾ സാമ്പത്തികാവസ്ഥ ഈ രീതിയിലാകാനുള്ള യഥാർത്ഥ കാരണങ്ങളും കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ള വിഹിതങ്ങളെക്കുറിച്ചും അതിൽ വ്യക്തമാക്കണമായിരുന്നുവെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.