ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ! ഞങ്ങൾക്ക് നേരെ വന്ന കൈ യുഡിഎഫിന് നേരെ തിരിയും; എ. കെ. ബാലൻ

മാസപ്പടി കേസിൽ ഇ.ഡി നടത്തുന്ന അന്വേഷണത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകാൻ പോകുന്നത് ഇടതുപക്ഷത്തിനല്ല, മറിച്ച് യു.ഡി.എഫിനാണെന്ന് എ. കെ. ബാലൻ. രമേശ് ചെന്നിത്തലയെ ലക്ഷ്യം വെച്ചാണ് ഇ.ഡി കേസ് വന്നിരിക്കുന്നത്. “ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിണറായി വിജയന്റെ മകൾ വീണ ടി.യെ ചോദ്യം ചെയ്യുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്നും കള്ളപ്പണം വെളുപ്പിച്ചവരെ ശിക്ഷിക്കുന്നതിനോട് സി.പി.ഐ.എമ്മിന് എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാസപ്പടി കേസിൽ ആദ്യം രംഗത്തുവന്നത് മാത്യു കുഴൽനാടനാണ്. എന്നാൽ ഈ വിഷയം വിജിലൻസ് കോടതിയും, തുടർന്ന് റിവിഷൻ ഹർജി ഹൈക്കോടതിയും, ഒടുവിൽ അപ്പീൽ സുപ്രീം കോടതിയും തള്ളി കളഞ്ഞതാണ്. ഇത് രാഷ്ട്രീയ പ്രേരിതമായ ആരോപണം മാത്രമാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. മാത്യു കുഴൽനാടന് ശേഷം ഷോൺ ജോർജും പിന്നീട് എസ്.എഫ്.ഐ.ഒയും, ഇപ്പോൾ ഇ.ഡിയും രംഗത്തെത്തി. എന്നാൽ പിണറായി വിജയനോ വീണയോ പ്രതിയായി ഇ.ഡിയുടെ മുന്നിൽ ഏതെങ്കിലും കേസുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

കരിമണൽ ഖനനം നടത്താൻ സി.എം.ആർ.എൽ കമ്പനിക്ക് അനുമതി നൽകിയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരായിരുന്നു. എന്നാൽ വി. എസ്. അച്യുതാനന്ദൻ സർക്കാരാണ് അത് റദ്ദാക്കിയതെന്നും എ. കെ. ബാലൻ ഓർമ്മിപ്പിച്ചു. സി.പി.ഐ.എം നേതൃത്വത്തിനെതിരെ അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഉന്നയിച്ച വിമർശനങ്ങളിലും എ. കെ. ബാലൻ പ്രതികരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ മാത്രമാണ് പിണറായി വിജയൻ കരഞ്ഞിട്ടുള്ളത്. സ്വന്തം കുടുംബത്തേക്കാൾ അപ്പുറമുള്ള വലിയൊരു ബന്ധമാണ് ആ നേതാക്കൾ തമ്മിൽ ഉണ്ടായിരുന്നതെന്നും എ. കെ. ബാലൻ പറഞ്ഞു.