മോദി മികച്ച നേതാവ്,​ ഇന്ത്യയ്ക്ക് നേരെയുള്ള ഉപരോധശ്രമങ്ങൾ ബൂമറാംഗായി മാറും

മോസ്കോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തെയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച പുരോഗതി യാദൃശ്ചികമല്ലെന്നും അത് മോദി സർക്കാരിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും പുടിൻ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ്ബർഗിൽ അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ പ്രതിനിധികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും മോദിയുടെ ഭരണകാലത്ത് രാജ്യം വലിയ സാമ്പത്തിക കുതിപ്പാണ് നടത്തിയതെന്നും പുടിൻ അഭിപ്രായപ്പെട്ടു. ഉപരോധങ്ങളിലൂടെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ഏതൊരുശ്രമവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബൂമറാംഗായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

പരമാധികാര രാജ്യങ്ങൾക്ക് അവരുടെ പ്രതിരോധ സാമ്പത്തിക പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്ന് പുടിൻ ആവശ്യപ്പെട്ടു.ഇന്ത്യയെപ്പോലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്തിനുമേൽ സമ്മർദ്ദം ചെലുത്തുന്നത് അന്താരാഷ്ട്ര ബന്ധങ്ങൾക്ക് ദോഷകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സമ്മർദ്ദങ്ങൾ എവിടെനിന്ന് വന്നാലും അത് ഫലപ്രദമല്ലെന്നും ഇന്ത്യ ദേശീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയെ റഷ്യയുടെ ഏറ്റവും ‘വിശ്വസ്തനായ പങ്കാളി’ എന്നാണ് പുടിൻ വിശേഷിപ്പിച്ചത്.

ഇന്ത്യ അമേരിക്കയുമായി മികച്ച നയതന്ത്ര ബന്ധം പുലർത്തുന്നത് റഷ്യ-ഇന്ത്യ സൗഹൃദത്തെ ബാധിക്കില്ലെന്നും എല്ലാ രാജ്യങ്ങളുമായും ഇന്ത്യ ബന്ധം വികസിപ്പിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.റഷ്യൻ പ്രതിരോധ സംവിധാനങ്ങളായ എസ്‌യു-57 ഇന്ത്യ സ്വന്തമാക്കുകയാണെങ്കിൽ അമേരിക്കയിൽ നിന്ന് ഉപരോധ സമ്മർദ്ദം നേരിടേണ്ടിവരാനുള്ള സാദ്ധ്യതയെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോഴാണ് പുടിൻ ഇത്തരത്തിൽ പ്രതികരിച്ചത്.

എസ്‌യു-57 യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകരുതെന്ന് ഞങ്ങളോട് ആജ്ഞാപിക്കാൻ ആർക്കും കഴിയില്ല. ഇന്ത്യയുമായുണ്ടാക്കിയ കരാറുകളിൽ റഷ്യ തുടർന്നും ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങളുടെ മറ്റെല്ലാ പങ്കാളികളുമായുള്ള സഹകരണവും പോലെ ഇന്ത്യയുമായുള്ള സഹകരണവും രാഷ്ട്രീയ അന്തരീക്ഷത്തിന് വിധേയമല്ല. ഞങ്ങളുടെ പങ്കാളികൾക്ക് പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് നൽകിയ ഉറപ്പുകളിൽ ഞങ്ങൾ എപ്പോഴും സത്യസന്ധത പുലർത്തും,”-പുടിൻ പറഞ്ഞു.