മാസപ്പടിക്കേസ്: ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായി വീണ

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഇ ഡിക്ക് മുന്നിൽ ഹാജരായി. രാവിലെ 10.30 ഓടെയാണ് ചോദ്യംചെയ്യലിനായി കറുത്ത കാറിൽ വീണ എത്തിയത്. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന കമ്പനി സിഎംആർഎല്ലുമായി നടത്തിയ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനാണ് ചോദ്യംചെയ്യൽ.

വെള്ളിയാഴ്‌ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടർന്നുള്ള വീണയുടെ അപേക്ഷയിൽ തീയതി നീട്ടുകയായിരുന്നു. ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകൻ വഴി നൽകാമെന്ന വീണയുടെ നിർദേശം തള്ളിയാണ് ഇഡി വീണ്ടും സമൻസ് നൽകിയത്. മെഡിക്കൽ പരിശോധനകളുടെ റിപ്പോർട്ടുകളടക്കം ഉൾപ്പെടുത്തി വീണ നൽകിയ ഇ-മെയിലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് അഞ്ച് ദിവസംകൂടി കാലാവധി നീട്ടിനൽകിയത്.

ഇന്നലെ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും മകൻ ശരൺ എസ് കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ശശിധരൻ കർത്തയുടെ മകളും കമ്പനി ഡയറക്‌ടർമാരിൽ ഒരാളായ ഷിബി എസ് കർത്തയെയും ഇഡി രണ്ട് ദിവസം മുൻപ് ചോദ്യം ചെയ്‌തിരുന്നു. അതേസമയം, ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശശിധരൻ കർത്ത ചോദ്യം ചെയ്യൽ വൈകിപ്പിക്കുന്നത്.