പിഎം ശ്രീ പദ്ധതിയിൽ എൽഡിഎഫിനെതിരെ ഗുരുതര ആരോപണം; കരാറിൽ ഒപ്പുവെച്ചത് മുൻ സർക്കാർ എന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള പൂർണ്ണ അവകാശവും അധികാരവും കേന്ദ്രത്തിനാണെന്ന വ്യവസ്ഥ അംഗീകരിച്ച് കരാറിൽ ഒപ്പുവെച്ചത് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. നിയമസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രിയുടെ ഗുരുതര ആരോപണം.

കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്താണ് ഈ കരാറിൽ ഒപ്പുവെച്ചതെന്നും, ഇതിന്റെ ഫലമായി തടഞ്ഞുവെച്ചിരുന്ന 99.27 കോടി രൂപയുടെ എസ്.എസ്.കെ ഫണ്ട് സംസ്ഥാനത്തിന് ലഭിച്ചതായും മന്ത്രി സഭയെ അറിയിച്ചു. നിലവിലെ യുഡിഎഫ് സർക്കാർ പുതിയതായി യാതൊരു കരാറിലും ഒപ്പുവെച്ചിട്ടില്ലെന്നും, പദ്ധതിയുമായി ബന്ധപ്പെട്ട് അന്തിമ തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2025 ഒക്ടോബർ 16-നാണ് പദ്ധതി നടപ്പാക്കാൻ സംസ്ഥാനം സന്നദ്ധമാണെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്ര സർക്കാരിന് കത്തയച്ചതും തുടർന്ന് ധാരണാപത്രത്തിൽ ഒപ്പുവെച്ചതും. ക്യാബിനറ്റിനെ പോലും അറിയിക്കാതെയാണ് മുൻ സർക്കാർ സംസ്ഥാന താൽപര്യങ്ങൾ ബലികഴിച്ച് ഈ കരാറിൽ ഒപ്പുവെച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

പിഎം ശ്രീ പദ്ധതി വിവാദമായതിന് പിന്നാലെ കരാർ റദ്ദാക്കണമെന്നല്ല, മറിച്ച് ആശങ്കകൾ പരിശോധിക്കാൻ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ പദ്ധതി താൽക്കാലികമായി നീട്ടിവെക്കണമെന്നാണ് എൽഡിഎഫ് കേന്ദ്രത്തെ അറിയിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ അത്തരമൊരു ആവശ്യത്തിന് യാതൊരു നിയമപരമായ പിന്തുണയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ ‘പിഎം ശ്രീ ഒപ്പിട്ടത് കുട്ടികളുടെ ഭാവിക്ക്’ എന്ന് വ്യക്തമാക്കി അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ലേഖനം എഴുതിയിരുന്നുവെന്നും ഷംസുദ്ദീൻ ഓർമ്മിപ്പിച്ചു.

എൽഡിഎഫ് സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതുവരെ അവർ പ്രഖ്യാപിച്ച മന്ത്രിസഭാ ഉപസമിതി ഒരുതവണ പോലും യോഗം ചേർന്നിരുന്നില്ലെന്നും മന്ത്രി ആരോപിച്ചു. അതേസമയം, നിലവിലെ സർക്കാർ രൂപീകരിച്ച മന്ത്രിസഭാ സമിതിയുടെ വിശദമായ റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ പദ്ധതിയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, പദ്ധതി പൂർണ്ണമായും നടപ്പിലാക്കില്ലെന്ന് തുറന്നുപറയാനുള്ള ആർജവം എന്തുകൊണ്ടാണ് ലീഗിന് ഇല്ലാതായതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച പി. പ്രസാദ് സഭയിൽ ചോദിച്ചു.