ബ്ലേഡുമായി എസ്എഫ്ഐക്കാർ സമരം ചെയ്തുവെന്നത് വ്യാജപ്രചാരണം; പി.എസ്. സഞ്ജീവ്

ഫീസ് വർധനവിനെതിരെ സെക്രട്ടറിയേറ്റിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിനിടെ പ്രവർത്തകർ ബ്ലേഡ് കൊണ്ടുവന്നുവെന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. ഈ ആരോപണത്തിൽ എന്തെങ്കിലും തരത്തിലുള്ള തെളിവ് പുറത്തുവിടാൻ സാധിച്ചാൽ എസ്.എഫ്.ഐ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. യാതൊരുവിധ നിഷ്പക്ഷ പരിശോധനയുമില്ലാതെ മാധ്യമങ്ങൾ ഏകപക്ഷീയമായി വ്യാജവാർത്തകൾ ചമയ്ക്കുകയാണ് ചെയ്തത്. സമരപ്പന്തലിലേക്ക് ബ്ലേഡ് എങ്ങനെ വന്നു എന്നതിനെക്കുറിച്ച് സമഗ്രമായ ഉന്നതതല അന്വേഷണം വേണമെന്നും, യഥാർത്ഥത്തിൽ വിദ്യാർത്ഥി സമരത്തെ അടിച്ചമർത്താൻ പോലീസ് തന്നെയാണ് ബ്ലേഡ് കൊണ്ടുവന്നതെന്നും സഞ്ജീവ് മാധ്യമങ്ങളോട് സംസാരിക്കവെ ആരോപിച്ചു.

ജലപീരങ്കിയും ലാത്തിയും ഗ്രനേഡും കൊണ്ട് മാത്രം പ്രതിരോധം തീർക്കാൻ കഴിയാതെ വന്നപ്പോഴാണ് പോലീസ് ഇത്തരം മനുഷ്യത്വരഹിതമായ മാർഗ്ഗങ്ങളിലേക്ക് കടന്നത്. പോലീസ് ആക്ടിന് വിരുദ്ധമായി സമരത്തിൽ പങ്കെടുത്ത എസ്.എഫ്.ഐയുടെ വനിതാ പ്രവർത്തകരെ ഉൾപ്പെടെ ലാത്തികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. പോലീസിന്റെ ഈ അതിക്രമങ്ങളെ മൂടിവെക്കാനാണ് ഇപ്പോൾ വിദ്യാർത്ഥികൾക്ക് മേൽ ബ്ലേഡ് മാഫിയാ ആരോപണം ഉന്നയിച്ച് മാധ്യമങ്ങളെ കൂട്ടുപിടിച്ച് വ്യാജപ്രചാരണം നടത്തുന്നതെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു.