ജയില്‍ മോചിതനായ ശേഷം ആര്‍ സുഗതന്‍ പാര്‍ട്ടിവേദിയില്‍; ഷാള്‍ അണിയിച്ച് സ്വീകരിച്ച് നേതാക്കള്‍

തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽമോചിതനായ കൗൺസിലർ ആർ സുഗതന് വൻ സ്വീകരണം നൽകി ബിജെപി നേതാക്കൾ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എംഎൽഎ, മേയർ വിവി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ് തുടങ്ങിയവർ ഷാൾ അണിയിച്ചാണ് സുഗതനെ സ്വീകരിച്ചത്. സേവ സങ്കൽപ്പ അഭിയാന്റെ ഭാഗമായി പടിഞ്ഞാറെകോട്ടയിലെ ശ്രീ പത്മം ആഡിറ്റോറിയത്തിലായിരുന്നു സ്വീകരണം. ജയിൽ മോചിതനായ സുഗതൻ ആദ്യമായി പങ്കെടുത്ത പരിപാടിയാണിത്.

കാപ്പ കേസിലെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതോടെ തിരുവനന്തപുരം നഗരസഭാ കൗൺസിലർ ആർ സുഗതൻ ഇന്നലെയാണ് ജയിൽമോചിതനായത്. തൃശൂർ വിയ്യൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയ സുഗതനെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കമുളളവരെത്തിയാണ് സ്വീകരിച്ചത്. അദ്ദേഹത്തെ കാത്ത് കുടുംബവും ജയിലിന് പുറത്തുണ്ടായിരുന്നു.

ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ഷാൾ അണിയിച്ചാണ് സുഗതനെ സ്വീകരിച്ചത്.ഒപ്പം നിന്ന സംഘടനയ്ക്കും പ്രവർത്തകർക്കും സുഗതൻ നന്ദി പറഞ്ഞു. നാലുമാസത്തോളം തന്റെ വാർഡും കുടുംബവും പാർട്ടിയാണ് നോക്കിയതെന്ന് സുഗതൻ പറഞ്ഞു. പൊലീസ് വിചാരിച്ചാൽ ഇത്രകാലം ജയിലിൽ കിടക്കാമെന്നതിന്റെ തെളിവാണ് താൻ.

ജനങ്ങൾക്കായേ പ്രവർത്തിച്ചിട്ടുള്ളെന്നും സംഘടനയ്‌ക്കും ജനങ്ങൾക്കും വേണ്ടിയാണ് ജയിലിൽ കിടന്നതെന്നും സുഗതൻ പറഞ്ഞു.സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി ഇന്നലെ വൈകുന്നേരത്തോടെയാണ് റദ്ദാക്കിയത്. ഭാര്യ നൽകിയ ഹർജി അംഗീകരിച്ചാണ് ഉത്തരവ് കോടതി റദ്ദാക്കിയത്. സുഗതന്റെ തടവ് കോർപ്പറേഷനിലെ ഭരണക്ഷിയായ ബിജെപിക്ക് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരുന്നത്. കോടതി നടപടി ബിജെപിക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.