സ്വകാര്യ ബസുകൾ കെഎസ്ആർടിസി വാടകയ്ക്കെടുക്കുമെന്ന് മന്ത്രി; ബസ് ഉടമകളുടെ നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. ബസ് സർവീസ് മേഖലയെ വ്യവസായമായി അംഗീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രതിനിധികളുമായി വഴുതക്കാട് ട്രാൻസ് ഭവനിൽ നടത്തിയ ചർച്ചയിൽ മന്ത്രി ഉറപ്പു നൽകി. ഇതോടെ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
സ്വകാര്യ ബസുകളെയും അതിലെ ജീവനക്കാരെയും കെഎസ്ആർടിസിക്കായി വാടകയ്ക്കെടുക്കുന്ന രീതിയാണ് വെറ്റ് ലീസ്. ഇവിടെ ഡ്രൈവറെ ബസ് ഉടമകളും കണ്ടക്ടറെ കെഎസ്ആർടിസിയും നൽകുന്ന രീതിയിലായിരിക്കും പ്രവർത്തനമെന്നാണ് മന്ത്രി ഉറപ്പ് നൽകിയിരിക്കുന്നത്. ബസുകളുടെ സർവീസ് കാലപരിധി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പത്മകുമാർ കമ്മീഷൻ നൽകിയ ശുപാർശകൾ നിയമാനുസൃതം നടപ്പിലാക്കുമെന്നും സി പി ജോൺ അറിയിച്ചു.
ഒരു ബസ് ഉടമയ്ക്ക് തന്റെ സർവീസ് മറ്റൊരാൾക്ക് നിയമപരമായി കൈമാറുന്നതിന് നിലവിലുള്ള സാങ്കേതിക തടസങ്ങൾ നീക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്.സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും അവർക്ക് സർക്കാരുമായി നിരന്തരമായ ആശയവിനിമയം നടത്തുന്നതിനുമായി ഒരു സ്ഥിരം സമിതി രൂപീകരിക്കും.
ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തിയാകും ഈ സമിതി പ്രവർത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ചർച്ചയിൽ ഗതാഗത വകുപ്പ് സെക്രട്ടറി ഡി ബാലമുരളി, ട്രാൻസ്പോർട്ട് കമ്മീഷണർ സ്പർജൻ കുമാർ, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളായ ഹംസ ഏരിക്കുന്നൻ, കെ സത്യൻ, പാലമുറ്റത്ത് വിജയകുമാർ, എം എസ് പ്രേംകുമാർ എന്നിവരും പങ്കെടുത്തു.