യോഗിയുടെ സഹോദരിയാണ് താരം, മുഖ്യമന്ത്രിയുടെ സഹോദരി ഇപ്പോഴും ചായക്കട നടത്തുന്നു !

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹോദരി ചായക്കട നടത്തുന്നതുമായി ബന്ധപ്പെട്ട വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സഹോദരിയുടെ അധ്വാനത്തെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയപ്പോൾ,

മുഖ്യമന്ത്രിക്ക് വേണമെങ്കിൽ അവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ സഹായിക്കാമായിരുന്നില്ലേ എന്ന ചോദ്യങ്ങളും ഉയർന്നു. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യോഗി ആദിത്യനാഥ്. ‘ആജ് തക്’ യുപിയിൽ സംഘടിപ്പിച്ച കോൺക്ലേവിൽ കുടുംബത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സഹോദരി ചായക്കടയിലൂടെ സ്വന്തം കാലിൽ നിൽക്കുകയും സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ പരിശ്രമിക്കുകയുമാണെന്ന് യോഗി പറഞ്ഞു.

“എന്റെ സഹോദരി ഏത് സാഹചര്യത്തിലായാലും ആരുടെയും മുന്നിൽ യാചിക്കില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവർ സ്വന്തം കാലിൽ നിൽക്കുകയും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നു. ഇതാണ് ഏറ്റവും മാന്യമായ ജീവിതമെന്ന് എനിക്ക് തോന്നുന്നു” എന്നായിരുന്നു യോഗിയുടെ പ്രതികരണം. സഹോദരി ചെയ്യുന്ന ജോലിയിലൂടെ മാന്യമായി ജീവിക്കുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരമ്പരാഗത രീതിയിൽ കുടുംബബന്ധങ്ങളെ കാണുന്നയാളല്ല താനെന്നും കുടുംബത്തെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് യോഗി മറുപടി നൽകി. “ഞാൻ ഒരു യോഗിയാണ്. എനിക്ക് ഉത്തർപ്രദേശിലെ 25 കോടി ജനങ്ങളും എന്റെ കുടുംബമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ആളുകൾ മറ്റുള്ളവരുടെ മുന്നിൽ യാചിച്ച് സഹായം തേടുന്നതിനുപകരം സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കണമെന്നും സഹോദരിയെക്കുറിച്ചുള്ള പരാമർശത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ടാണ് യോഗി മറുപടി നൽകിയത്. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയായിരുന്നു പ്രധാനമായും അദ്ദേഹം ലക്ഷ്യമിട്ടത്. സഹോദരിയുടെ ചായക്കടയുമായി ബന്ധപ്പെട്ട വിഡിയോയും അതിനെത്തുടർന്നുണ്ടായ ചർച്ചകളും ഇപ്പോൾ യോഗിയുടെ പ്രതികരണത്തോടെ വീണ്ടും ശ്രദ്ധ നേടുകയാണ്.