അപേക്ഷ നിരസിച്ച ബാറുകൾ പുതുക്കി കൊടുക്കേണ്ട ഉത്തരവാദിത്വം സർക്കാരിന് ഇല്ല; നിലപാട് വ്യക്തമാക്കി എക്സൈസ് മന്ത്രി എം. ലിജു

തിരുവനന്തപുരം: ബാർ ലൈസൻസ് പുതുക്കുന്നതിനായുള്ള സ്റ്റാർ ക്ലാസിഫിക്കേഷനിൽ ഇളവ് അനുവദിച്ച മുൻ ഇടതുപക്ഷ സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് നിലവിലെ യു.ഡി.എഫ് സർക്കാരും രംഗത്ത്. അന്ന് എക്സൈസ് മന്ത്രിയായിരുന്ന എം.ബി. രാജേഷിന്റെ കാലയളവിൽ നടപ്പിലാക്കിയ നടപടി ഭരണപരമായ ക്രമീകരണമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. നികുതി വകുപ്പ് നൽകിയ സത്യവാങ്മൂലം എക്സൈസ് വകുപ്പുമായി കൂടിയാലോചിച്ച ശേഷമാണ് തയ്യാറാക്കിയതെന്ന് മന്ത്രി എം. ലിജു സ്ഥിരീകരിച്ചു.
കേന്ദ്ര ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ പരിശോധനകൾ അകാരണമായി വൈകിയതിനെ തുടർന്ന് ഹോട്ടൽ വ്യവസായത്തിലുണ്ടായ കനത്ത പ്രതിസന്ധി പരിഹരിക്കാനാണ് ടൂറിസം വകുപ്പ് വഴി താൽക്കാലിക ഇളവുകൾ അനുവദിച്ചത്. എന്നാൽ അപേക്ഷ നിരസിക്കപ്പെട്ട ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ട ഉത്തരവാദിത്തം സർക്കാരിനില്ലെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കി. കൂടാതെ, പുതിയ എക്സൈസ് കമ്മീഷണറുടെ നിയമനം ഉചിതമായ സമയത്തുണ്ടാകുമെന്നും മാറ്റങ്ങൾ സ്വാഭാവികം മാത്രമാണെന്നും വിജിലൻസ് അന്വേഷണവും പുതിയ മദ്യനയവും വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലാസിഫിക്കേഷൻ ലഭിക്കാത്ത ബാറുകൾക്കും ലൈസൻസ് പുതുക്കി നൽകിയ എൽ.ഡി.എഫ് തീരുമാനത്തിനെതിരെ മദ്യവിരുദ്ധ സമിതി സമർപ്പിച്ച ഹർജിയിലാണ് കഴിഞ്ഞ സെപ്റ്റംബർ 29-ന് നികുതി വകുപ്പ് അഡീഷണൽ സെക്രട്ടറി ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്. എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട മുൻ വിവാദങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇത്തവണ മന്ത്രി തലത്തിലുള്ള കൂടിയാലോചനയോടെയാണ് സർക്കാരിന്റെ ഈ നിലപാട് കോടതിയെ അറിയിച്ചിരിക്കുന്നത്. ബാർ ലൈസൻസ് വിവാദങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ, ഇടത് നയത്തോടുള്ള സർക്കാരിന്റെ ഈ അനുകൂല സമീപനം പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.