10 കോടിയുടെ വിഷു ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനജേതാവിനെ കണ്ടെത്തി. കന്യാകുമാരി സ്വദേശി ഡോ. എം.പ്രദീപ് കുമാര്‍, ബന്ധു എന്‍.രമേശ് എന്നിവരാണ് സമ്മാനം നേടിയത്. ബന്ധുവിനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. HB 727990 എന്ന ടിക്കറ്റാണ് നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം നേടിക്കൊടുത്തത്. പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററില്‍നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ഇവിടെനിന്നും ടിക്കറ്റ് വാങ്ങി വില്‍പന നടത്തിയത് രംഗന്‍ എന്ന ചില്ലറ വില്‍പനക്കാരനില്‍ നിന്നുമാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയത്.
ടിക്കറ്റുമായി ഇരുവരും ലോട്ടറി ഡയറക്ട്രേറ്റില്‍ എത്തിയെങ്കിലും നോട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമുള്ളതിനാല്‍ ടിക്കറ്റ് ലോട്ടറി ഡയറക്ട്രേറ്റ് അധികൃതര്‍ സ്വീകരിച്ചില്ല. ലോട്ടറി ടിക്കറ്റും രേഖകളും 90 ദിവസത്തിനുള്ളില്‍ ഹാജരാക്കിയാല്‍ മതിയാകും.
കേരളത്തിനു പുറത്തുള്ളവര്‍ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉന്നയിക്കുമ്പോള്‍ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയല്‍ രേഖകള്‍ക്കുമൊപ്പം നോട്ടറിയുടെ ഒപ്പും, പേരും, ഉദ്യോഗപ്പേരും, നോട്ടറി സ്റ്റാംപും, നോട്ടറി സീലും സമര്‍പ്പിക്കണം. നേരിട്ടോ പോസ്റ്റല്‍ മാര്‍ഗമോ ആണെങ്കില്‍ മുകളിലെ തിരിച്ചറിയല്‍ രേഖകള്‍ക്കൊപ്പം കേരളത്തില്‍ വരാനുള്ള സാഹചര്യവും വിശദീകരിച്ചുള്ള കത്തോ, കേരള സര്‍ക്കാര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ ഹാജരാക്കണം. നാട്ടിലെ ഉത്സവത്തിന്റെ തിരക്കിലായതിനാലാണ് ഇവര്‍ ടിക്കറ്റുമായി എത്താന്‍ വൈകിയത്.