കെ സുധാകരന്‍ പ്രസിഡന്റ് ആയതിന് ശേഷം കെപിസിസിയില്‍ സംഭവിച്ച വലിയ മാറ്റം

തിരുവനന്തപുരം: നമ്മുടെ തന്നെ കൊള്ളരുതായ്മ കൊണ്ടാണ് ജില്ലയില്‍ നഷ്ടങ്ങള്‍ സംഭവിച്ചത്. നേതാക്കളും പ്രവര്‍ത്തകരും എല്ലാം മറന്ന് മുന്നേറണം. അഞ്ചില്‍ അഞ്ച് എന്നതാണ് ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കണം ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ഈ വാക്കുകള്‍ വെറുതെ തട്ടിവിട്ടതല്ല. കോണ്‍ഗ്രസിന്റെ കുത്തക ജില്ലയായിരുന്ന പത്തനംതിട്ടയില്‍ എല്ലാം കൈവിട്ട ശേഷം പിടിച്ചുകയറാന്‍ മാര്‍ഗം തേടുന്ന നേതൃത്വത്തെ ശരിക്കൊന്ന് കുടഞ്ഞാണ് സുധാകരന്‍ സംസാരിച്ചത്.
മുന്നേറാതെ രക്ഷയില്ലെന്ന് അദ്ദേഹം വീണ്ടുംവീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പായി വിളിച്ചു കൂട്ടിയ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനിലേക്ക് സുധാകരനെ കൂടാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എത്തിയിരുന്നു. പത്തനംതിട്ടയില്‍ ശക്തമായ തിരിച്ചു വരവ് കെ.പി.സി.സി നേതൃത്വം പ്രതീക്ഷിക്കുന്നു. അതിനുള്ള സാദ്ധ്യതകള്‍ പരിശോധിച്ചപ്പോഴും ശുഭാപ്തിവിശ്വാസമാണ് നേതാക്കള്‍ക്കുള്ളത്.
ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാലും ഒരു കാലം വരെയും യു.ഡി.എഫിനൊപ്പമായിരുന്നു. ജില്ലാ പഞ്ചായത്തും കൈവശമിരുന്നു. ഗ്രാമപഞ്ചായത്തുകളില്‍ പകുതിയിലേറെയും ഭരിച്ച പാരമ്പര്യമാണുള്ളത്. പാര്‍ലമെന്റ് മണ്ഡലം ഒരിക്കല്‍ പോലും കൈവിട്ടില്ലെങ്കിലും ഭൂരിപക്ഷം ഓരാേ തിരഞ്ഞെടുപ്പിലും കുറഞ്ഞുവരുന്നു. ഒട്ടേറെ സഹകരണ ബാങ്കുകളുടെ ഭരണം യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. ആകെക്കൂടി അപായമണി മുഴങ്ങിയ സാഹചര്യമാണ് കോണ്‍ഗ്രസിനും യു.ഡി.എഫിനും ജില്ലയിലുള്ളത്. പക്ഷേ, തിരിച്ചുവരവിനുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ കാരണങ്ങള്‍ പലതാണ്. കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായ ശേഷം നടന്നു വരുന്ന പാര്‍ട്ടി പുനഃസംഘടന വലിയ എതിര്‍പ്പും ബഹളങ്ങളുമില്ലാതെ പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയെന്ന അഭിമാനം പത്തനംതിട്ട ഡി.സി.സി നേതൃത്വത്തിനുണ്ട്.
ആയിരത്തിലേറെ വരുന്ന ബൂത്ത് കമ്മിറ്റികളില്‍ എണ്‍പത് ശതമാനത്തിലേറെയും പുനഃസംഘടിപ്പിച്ചു. താഴെത്തട്ടിലെ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളും (സി.യു.സി) രൂപീകരിച്ചു. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായ ശേഷം സംഘടനയില്‍ നിലവില്‍ വന്ന പുതിയ സംവിധാനമാണ് സി.യു.സി. പാര്‍ട്ടി കുടുംബങ്ങളെ ഒന്നിച്ചുകൊണ്ടുവരുന്ന വേദിയാണത്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സി.യു.സിയില്‍ പങ്കെടുക്കണം. അതായത്, പുതിയ തലമുറയിലെ കുട്ടികളെയും പാര്‍ട്ടിയുടെ ഭാഗമാക്കണം. പാര്‍ട്ടിയില്‍ നിന്ന് വിദ്യാര്‍ത്ഥികളും കുട്ടികളും അകലുന്നുവെന്ന സത്യത്തെ കണ്‍തുറന്നു കണ്ടാണ് സി.യു.സി രൂപീകരണം. ആ സംവിധാനവും കാര്യക്ഷമതയോടെ നടപ്പാക്കിയത് പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് നേതൃത്വമാണ്.