ഒറ്റ രാത്രി കൊണ്ട് കാണാതായത് 121 കോടിയുടെ സ്വര്‍ണം നിറച്ച കണ്ടെയ്‌നര്‍

സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുവകകളും അടങ്ങിയ അഞ്ച് ചതുരശ്ര അടി വലിപ്പമുള്ള കണ്ടെയ്‌നര്‍ വിമാനത്താവളത്തില്‍ നിന്ന് കാണാതായി. കാനഡയിലെ ടൊറന്റോയില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. സിസിടിവി പരിശോധിച്ചെങ്കിലും കണ്ടെയ്‌നറിന്റെ ദൃശ്യങ്ങള്‍ വ്യക്തമല്ല. സംഭവത്തിന് ദൃക്‌സാക്ഷികളുമില്ല.
ടൊറന്റോയിലെ പിയേഴ്‌സണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് കണ്ടെയ്‌നര്‍ കാണാതായത്. 14.8 മില്യന്‍ യുഎസ് ഡോളര്‍ (121.4 കോടി ഇന്ത്യന്‍ രൂപ) വിലവരുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടത്. വിമാനത്താവളത്തിലെത്തിയ കണ്ടെയ്‌നര്‍ പതിവുപോലെ ഇറക്കി കാര്‍ഗോ സൂക്ഷിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് കൊള്ള നടന്നതെന്ന് പൊലീസ് പറയുന്നു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളകളില്‍ ഒന്നാണിതെന്നാണ് റിപ്പോര്‍ട്ട്.