രാഹുൽ മാങ്കൂട്ടത്തിലിനു നിർണായക ദിനം

തിരുവനന്തപുരം : സർക്കാരിനെതിരായ സമരത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനു 2 കേസുകളിൽ ജാമ്യം. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ഒരേ സംഭവത്തിൽ എടുത്ത 3 കേസിൽ രണ്ടിലാണ് ഇന്നലെ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യം നൽകിയത്. ഇനി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ളവർ പ്രതിയായ മൂന്നാമത്തെ കേസിലെ ജാമ്യ ഹർജി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു പരിഗണിക്കും.

ഇതിനു പുറമേ ഡിജിപി ഓഫിസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടു രാഹുലിനെതിരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെ പ്രൊഡക്‌ഷൻ വാറന്റ് ഹർജി മ്യൂസിയം പൊലീസ് നൽകി. അതും ഇന്നു പരിഗണിക്കും. തിരുവനന്തപുരം ഡിസിസി ഓഫിസ് സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ രാഹുലിനെ പ്രതിയാക്കിയിട്ടില്ല. എന്നാൽ പിങ്ക് പൊലീസുകാരുടെ കയ്യിൽ നിന്നു പരാതി വാങ്ങി പ്രതിയാക്കാനാണ് ഉന്നതരുടെ നിർദേശം.

രാഹുൽ ജയിൽ മോചിതനാകണമെങ്കിൽ റിമാൻഡിലായത് ഉൾപ്പെടെ 2 കേസുകളിൽ ജാമ്യം ലഭിക്കണം. ഡിസംബർ 20നു നടന്ന സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിലെ പ്രധാന കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുകയാണു രാഹുൽ. ഈ മാർച്ചിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞതിനും 2 പൊലീസ് വാഹനങ്ങൾ തകർത്തതിനും വെവ്വേറെ കേസെടുത്തതാണ് ഒരേ സംഭവത്തിൽ 3 കേസാകാൻ കാരണം

രാഹുലിനെ പരമാവധി ദിവസം ജയിലിൽ കിടത്താനാണ് ഉന്നത ഉദ്യോഗസ്ഥൻ നൽകിയിരിക്കുന്ന നിർദേശം. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ അടൂരിലെ വീട്ടിൽനിന്നാണ് പിടികിട്ടാപ്പുള്ളിയെ പോലെ ആദ്യം അറസ്റ്റ് ചെയ്തത്. എല്ലാ കേസുകളിലും മനഃപൂർവം ജാമ്യമില്ലാ വകുപ്പുകളാണു ചുമത്തിയിട്ടുള്ളതെന്നു രാഹുലിന്റെ അഭിഭാഷകൻ മൃദുൽ ജോൺ മാത്യു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *