തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് രോഗിയുടെ ക്രൂര മര്‍ദ്ദനം; അടിയേറ്റ് ഡോക്ടറുടെ കൈ ഒടിഞ്ഞു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് രോഗിയുടെ ക്രൂരമര്‍ദനം. ആശുപത്രിയിലെ സര്‍ജന്‍ ഡോ. ശോഭയ്ക്കാണ് രോഗിയുടെ മര്‍ദ്ദനമേറ്റത് . ശക്തമായ അടിയേറ്റ് ഡോക്ടറുടെ കൈയ്ക്ക് ഒടിവുണ്ട്.

ഇന്നലെയാണ് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവമുണ്ടായത്. ആക്രമണം നടത്തിയ പ്രതി മണക്കാട് സ്വദേശിയായ വസീറിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

വൃക്കയിലെ കല്ലിന്റെ ചികിത്സയ്ക്കാണ് വസീര്‍ ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്ക് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും രോഗി തയ്യാറായില്ല. തുടര്‍ന്ന് സംയമനത്തോടെ ഡോക്ടര്‍ മരുന്ന് എഴുതി നല്‍കുന്നതിനിടെ രോഗി കാരണമില്ലാതെ വീണ്ടും പ്രകോപിതനായി. ഒ.പി. ടിക്കറ്റും ചികിത്സാ രേഖകളും കീറിക്കളഞ്ഞ് ഡോക്ടറെ മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് നേരെ വീശി അടിച്ചെങ്കിലും ഡോക്ടര്‍ കൈകൊണ്ട് തടയുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ ഡോക്ടര്‍, ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സര്‍ജറി ഒ.പി.യില്‍ ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ കെ.ജി.എം.ഒ.എ. അപലപിച്ചു. ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് അതിക്രമിച്ചു കടക്കുന്നവര്‍ക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണം. കുറ്റവാളിയെ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ശിക്ഷിക്കുവാന്‍ വേണ്ട നടപടി പോലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *