തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ, സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കമിട്ട് സി പി എം. കഴിഞ്ഞ തവണ നഷ്ടപ്പെട്ടതിൽ പരമാവധി സീറ്റുകൾ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ജനപ്രീതിയുള്ളവർക്കാവും ആദ്യ പരിഗണന.
ആരിഫ് തന്നെ മത്സരിക്കുമെന്നാണ് സൂചന. കണ്ണൂരിൽ കെ കെ ശൈലജയ്ക്കാണ് സാദ്ധ്യത കൂടുതലെങ്കിലും, യു ഡി എഫിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാൻ വടകരയിൽ ശൈലജയെ നിർത്തണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമാണ്.ചാലക്കുടിയിൽ സി രവീന്ദ്രനാഥിനെയും ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണനെയും മത്സരിപ്പിച്ചേക്കും.
പൊന്നാനിയിൽ കെ.ടി. ജലീലിനെ പരിഗണിക്കുന്നുണ്ട്. കോഴിക്കോട് എളമരം കരീമും പാലക്കാട്ട് എ വിജയരാഘവനും മത്സരിച്ചേക്കും. എന്നാൽ രണ്ട് മണ്ഡലങ്ങളിലും യഥാക്രമം വി വസീഫ് എം സ്വരാജ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. കാസർകോട്ട് ടി വി രാജേഷും ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനുമാണ് ലിസ്റ്റിൽ.ആറ്റിങ്ങലിൽ ജില്ലാ സെക്രട്ടറിയും വർക്കല എം എൽ എയുമായ വി ജോയിയുടെ പേരാണ് ഉയർന്നുകേൾക്കുന്നതെങ്കിലും കടകംപള്ളി സുരേന്ദ്രനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
കൊല്ലത്ത് സി എസ് സുജാതയും മുകേഷും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനും പരിഗണനയിലുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ സാദ്ധ്യതാപട്ടിക നൽകണമെന്ന് ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നാളെയും മറ്റെന്നാളുമായി ജില്ലാ കമ്മിറ്റികളും പാർലമെന്റ് മണ്ഡലം കമ്മിറ്റികളും ചേരും. 27ന് സംസ്ഥാനസമിതി അന്തിമ തീരുമാനമെടുക്കും.