വില്പനയ്ക്ക് കൊണ്ടുവന്ന എം.ഡി.എം.എയും കഞ്ചാവുമായി ഒരാൾ പിടിയിൽ

ആറ്റിങ്ങൽ: വില്പനയ്ക്ക് കൊണ്ടുവന്ന എം.ഡി.എം.എയും കഞ്ചാവുമായി ഒരാൾ പിടിയിൽ. കീഴാറ്റിങ്ങൽ വില്ലേജിൽ മുള്ളിയൻകാവ് ക്ഷേത്രത്തിന് സമീപം ലക്ഷ്മി ഭവനിൽ മനോജ് (45)ആണ് പിടിയിലായത്. കൊല്ലമ്പുഴ മുതൽ കോരാണി വരെയുള്ള വിവിധ മേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതി ലഹരിവസ്തുക്കൾ എത്തിച്ചത്. ഫോൺ മുഖേന ഓർഡർ സ്വീകരിച്ചാണ് വില്പന. ദിവസങ്ങൾക്കു മുമ്പ്

ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശിനിയായ അദ്ധ്യാപികയുടെ മകൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപിക ആറ്റിങ്ങൽ പൊലീസിനെ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അവനവഞ്ചേരി കൈരളി ജംഗ്ഷനിൽ വച്ച് മനോജ് പിടിയിലാകുമ്പോൾ 2.5 ഗ്രാം എം.ഡി.എം.എ, 70 ഗ്രാം കഞ്ചാവ് എന്നിവ കൈവശമുണ്ടായിരുന്നു.

ആറ്റിങ്ങൽ എസ്.എച്ച്.ഒ ഗോപകുമാർ. ജി, എസ്.ഐമാരായ ജിഷ്ണു എം.എസ്, ബിജു.എ.ഹക്ക്, എ.എസ്.ഐ രാധാകൃഷ്ണൻ, എസ്.സി.പി.ഒമാരായ അനിൽകുമാർ, പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം ശരാശരി 25000 രൂപയുടെ മയക്കുമരുന്ന് മനോജ് വില്പന നടത്തുന്നതായി പൊലീസ് പറഞ്ഞു. ഇയാളിൽനിന്നും മയക്കുമരുന്ന് തൂക്കി നൽകാനുപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *