കളമശ്ശേരി സ്ഫോടന കേസുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗത്തില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി

കൊച്ചി: കളമശ്ശേരി സ്ഫോടന കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. പ്രതിപക്ഷം സര്‍ക്കാരിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. നിരീക്ഷണം ശക്തമാക്കണമെന്നും ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കളമശ്ശേരി സംഭവത്തില്‍ ഇന്റലിജന്‍സ് വീഴ്ച ഉണ്ടായെന്ന അഭിപ്രായമില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. നടന്നതെന്താണെന്നറിയുന്നതിന് മുമ്പ് തന്നെ ഒരു നേതാവ് ഈ സംഭവത്തെ പാലസ്തീനുമായി ബന്ധപ്പെടുത്തിയതിനെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.സ്ഫോടനത്തിന് പിന്നില്‍ ഡൊമിനിക് മാര്‍ട്ടിന്‍ മാത്രമാകില്ലെന്നും കേസന്വേഷണം എന്‍ ഐ എയ്ക്ക് വിടണമെന്നും ബി ജെ പി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നില്‍ ഭീകരബന്ധമുണ്ടെന്ന് ആദ്യം ആരോപിച്ചത് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണെന്നും അദ്ദേഹം വിമര്‍ശിച്ചു.അതേസമയം, മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ കളമശ്ശേരിയെത്തി. അദ്ദേഹം പരിക്കേറ്റവരെ സന്ദര്‍ശിക്കും. മുഖ്യമന്ത്രിക്കൊപ്പം എം വി ഗോവിന്ദനും മന്ത്രിമാരുമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *